ആര്‍സിബിയുടെ വിക്ടറി പരേഡിനെച്ചൊല്ലി തര്‍ക്കം, അനുമതി നൽകാനാകില്ലെന്ന് പൊലീസ്

1 min read
SHARE

ബെംഗളൂരു: ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്സ് ടീം അംഗങ്ങള്‍ ഇന്ന് ബെംഗളൂരുവില്‍ നടത്താനിരിക്കുന്ന വിക്ടറി പരേഡിനെച്ചൊല്ലി തര്‍ക്കം. നഗരത്തില്‍ വന്‍ ഗതാഗത കരുക്കിന് കാരണമാകുമെന്നതിനാല്‍ വിക്ടറി പരേഡിന് അനുമതി നല്‍കാനാവില്ലെന്ന് ബെംഗളൂരു പോലീസ് വ്യക്തമാക്കിയതാണ് ആര്‍സിബിയുടെ വിജയാഘോഷം അനിശ്ചിതത്വത്തിലാക്കിയത്.വിക്ടറി പരേഡിന് അനുമതി വേണമെന്ന് കർണാടക ക്രിക്കറ്റ് അസോസിയേഷൻ പോലീസിനോട് അഭ്യര്‍ത്ഥിച്ചെങ്കിലും പോലീസ് ഇതുവരെ ഔദ്യോഗികമായി അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ വിക്ടറി പരേഡ് റദ്ദാക്കിയിട്ടില്ലെന്നും ചര്‍ച്ചകള്‍ നടക്കുകയാണെന്നുമാണ് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പറയുന്നത്.വിധാൻ സൗധയിൽ നിന്ന് ചിന്നസ്വാമി സ്റ്റേഡിയം വരെ 5 മണി മുതൽ 6 മണി വരെയാണ് വിക്ടറി പരേഡ് നിശ്ചയിച്ചിട്ടുള്ളത്. നഗരമധ്യത്തിലെ പരേഡ് വലിയ ഗതാഗതക്കുരുക്കിനിടയാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഉച്ചക്ക് ഒന്നരയോടെ ബെംഗളൂരുവിലെത്തുന്ന ആര്‍സിബി ടീം അംഗങ്ങള്‍ നാലു മണിക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദര്‍ശിച്ച ശേഷം അവിടെ നിന്ന് പരേഡായി ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് പോകാനായിരുന്നു ആര്‍സിബിയുടെ തീരുമാനം.