ചട്ടലംഘനം; ആറ് കഫ് സിറപ്പ് നിർമ്മാതാക്കളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
1 min readമഹാരാഷ്ട്രയിൽ ചട്ടങ്ങൾ ലംഘിച്ചതിന് ആറ് കഫ് സിറപ്പ് നിർമ്മാതാക്കളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ബി.ജെ.പി എം.എൽ.എ ആശിഷ് ഷെലാർ ഉൾപ്പടെയുള്ളവരുടെ നോട്ടീസിന് മറുപടി പറയവെയാണ് ഭക്ഷ്യ മന്ത്രി സഞ്ജയ് റാത്തോഡ് ഇക്കാര്യം നിയമസഭയിൽ ഇക്കാര്യംഅറിയിച്ചത്.
108 കഫ് സിറപ്പ് നിർമ്മാതാക്കളിൽ 84 പേർക്കെതിരെ മഹാരാഷ്ട്ര സർക്കാർ അന്വേഷണം ആരംഭിച്ചതായി റാത്തോഡ് പറഞ്ഞു. ഇതിൽ നാലെണ്ണത്തിന് ഉൽപാദനം നിർത്താൻ നിർദേശം നൽകിയതായും ആറ് കമ്പനികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. ചട്ടങ്ങൾ ലംഘിച്ചതിന് 17 കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുമ്പോൾ ലോകാരോഗ്യ സംഘടനയുടെ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നിയമങ്ങളും ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെ സർട്ടിഫിക്കറ്റും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം നിയമസഭയിൽ വിശദീകരിച്ചു. സംസ്ഥാനത്തെ 996 അലോപ്പതി മരുന്ന് നിർമ്മാതാക്കളിൽ 514 എണ്ണം തങ്ങളുടെ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ടെന്ന് റാത്തോഡ് കൂട്ടിച്ചേർത്തു.