August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 30, 2026

വെളളിത്തളിക’യില്‍ ഡിന്നര്‍: ഒരു പ്ലേറ്റ് ഭക്ഷണത്തിന് 5000 രൂപയെന്ന് ആരോപണം; മഹാരാഷ്ട്ര സര്‍ക്കാര്‍ വിവാദത്തിൽ

SHARE

മുംബൈ: അതിഥികള്‍ക്ക് ‘വെളളിത്തളിക’യില്‍ ഭക്ഷണം വിളമ്പി വിവാദത്തിലായി മഹാരാഷ്ട്ര സര്‍ക്കാര്‍. മുംബൈയില്‍ നടന്ന പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ്‌സ് കമ്മിറ്റിയുടെ പ്ലാറ്റിനം ജൂബിലി യോഗമാണ് വിവാദത്തിലായത്. സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുമ്പോഴും ബിജെപി സര്‍ക്കാര്‍ ആഢംബര പാര്‍ട്ടി നടത്തുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.

മുംബൈയിലെ വിധാന്‍ ഭവനില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയാണ്. രണ്ടുദിവസത്തെ പരിപാടിയില്‍ രാജ്യത്തുടനീളമുളള അറുന്നൂറോളം അതിഥികളാണ് പങ്കെടുത്തത്. 550 രൂപയ്ക്ക് വാടകയ്ക്ക് എടുത്ത വെളളിത്തളികകളില്‍ ഓരോന്നിലും അയ്യായിരം രൂപയുടെ ഭക്ഷണമാണ് വിളമ്പിയതെന്നാണാണ് മഹാരാഷ്ട്ര കോണ്‍ഗ്രസ് ആരോപിക്കുന്നത്.അനാവശ്യമായ ചെലവായിരുന്നു അത്. സംസ്ഥാനം കടക്കെണിയിലായിരിക്കെ എസ്റ്റിമേറ്റ് കമ്മിറ്റി അംഗങ്ങള്‍ക്ക് വെളളിത്തളികകളില്‍ ഭക്ഷണം വിളമ്പേണ്ട ആവശ്യമെന്താണ്? ഓരോ അതിഥിയുടെയും ഭക്ഷണത്തിനായി അയ്യായിരം രൂപ വീതമാണ് ചെലവഴിച്ചത്. മറുവശത്ത് കര്‍ഷകരുടെ വായ്പ എഴുതിത്തളളാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ബോണസുകള്‍ നല്‍കുന്നില്ല. ക്ഷേമപദ്ധതികളുടെ ബജറ്റ് അടക്കം വെട്ടിക്കുറച്ചു’ -കോണ്‍ഗ്രസ് നേതാവ് വിജയ് വഡെറ്റിവാർ പറഞ്ഞു.

അതേസമയം, 600 അതിഥികൾക്കുള്ള ഭക്ഷണത്തിനായി മാത്രം 27 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചതെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ കുംഭര്‍ പറഞ്ഞു. ‘പൊതുജനങ്ങളുടെ പണം സര്‍ക്കാര്‍ ധൂര്‍ത്തടിക്കുകയാണ്. ബജറ്റ് കമ്മിറ്റി അംഗങ്ങള്‍ക്കായി വിധാന്‍ ഭവനില്‍ ആഢംബര വിരുന്ന് സംഘടിപ്പിച്ചു. ഒരാള്‍ക്ക് 4,500 രൂപയിലധികം ചിലവായി. വെളളിത്തളികകളില്‍ അവര്‍ ഭക്ഷണം കഴിച്ചതിന്റെ മാത്രം ചിലവ് 27 ലക്ഷം രൂപയാണ്. ചെലവുചുരുക്കലിനെ പറ്റി പ്രസംഗിക്കുന്ന അതേ കമ്മിറ്റിയ്ക്കായാണ് ഇത്രയധികം രൂപ ചെലവ്. 40 അടി വലിപ്പമുളള ബാനറുകള്‍, താജ് പാലസിലും ട്രൈഡന്റിലും താമസം, എസി ഡൈനിംഗ്… സാധാരണക്കാരന്റെ പണംകൊണ്ട് രാജകീയ ജീവിതം’ എന്നായിരുന്നു കുംഭര്‍ എക്‌സില്‍ കുറിച്ചത്.അതേസമയം, അതിഥികള്‍ക്ക് വെളളിത്തളികയില്‍ അല്ല, വെളളി പൂശിയ പ്ലേറ്റിലാണ് ഭക്ഷണം വിളമ്പിയതെന്നും ഒരു പ്ലേറ്റ് ഭക്ഷണത്തിന് നാലായിരം രൂപയല്ല അതിലും കുറവാണ് ചിലവായതെന്നുമാണ് വിധാന്‍ ഭവനുമായി ബന്ധപ്പെട്ട അനൗദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിഷയത്തില്‍ സംസ്ഥാനത്തിന്റെ ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല.