ചേര്‍ത്തല ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ നിര്‍ണായക വഴിത്തിരിവ്; വിദേശ കുറ്റവാളികളെ കേരളത്തിലെത്തിച്ച് പൊലീസ്
1 min read

ചേര്‍ത്തലയില്‍ ഡോക്ടറിൽ നിന്ന് 7.65 കോടി രൂപ ഓണ്‍ലൈനിലൂടെ തട്ടിയ സംഭവത്തില്‍ നിര്‍ണായക ട്വിസ്റ്റ്. ആദ്യം അറസ്റ്റിലായ പ്രതികളില്‍ നിന്നും അന്താരാഷ്ട്ര തലത്തില്‍ സൈബര്‍ കുറ്റങ്ങളില്‍ ഏര്‍പ്പെടുന്ന രണ്ട് തായ്‌വാൻ സ്വദേശികളിലേക്ക് എത്തിയിരിക്കുകയാണ് ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ച്. ആലപ്പുഴ സൈബര്‍ പൊലീസ് സ്റ്റേഷന്റെ മികവാര്‍ന്ന പ്രവര്‍ത്തനത്തിന്റെ ഫലമായാണിത്.
ഇവരെ സംബന്ധിച്ച് അന്വേഷിക്കുന്നതിനിടെ, അഹമ്മദാബാദ് പൊലീസ് അറസ്റ്റ് ചെയ്ത വിദേശികള്‍ സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന വിവരം കിട്ടിയപ്പോള്‍ അന്വേഷിക്കുകയും അതില്‍ ചേര്‍ത്തല കേസില്‍ ഉള്‍പ്പെട്ട വാങ്ങ് ചുന്‍ വെല്‍ (26), ഷെന്‍ വെല്‍ ചുങ്ങ് (35) എന്നിവരുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് പൊലീസിന് ഇവരെ കസ്റ്റഡിയില്‍ ലഭിച്ചു.
പ്രതികളുമായി കുറുത്തികാട് എസ് ഐ മോഹിതും സംഘവും ഇന്ന് വൈകുന്നേരം 4.15ന് ധന്‍ബാദ് എക്‌സ്പ്രസില്‍ ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ എത്തി. സൈബര്‍ തട്ടിപ്പുകളില്‍ അന്താരാഷ്ട്ര ബന്ധമുണ്ടോ എന്ന് സംസ്ഥാന സൈബര്‍ സെക്യൂരിറ്റി വിങ്ങ് പ്രത്യേകം നിരീക്ഷിക്കുന്ന ഈ കേസില്‍ വിദേശ പൗരന്മാര്‍ അറസ്റ്റ് ചെയ്യപ്പെടുന്ന തലത്തിലേക്ക് അന്വേഷണം എത്തിയത് അപൂര്‍വ നേട്ടമാണ്.
ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിയുടെ അധിക ചുമതലയുള്ള ആലപ്പുഴ ഡി വൈ എസ് പി പ്രതികളെ നാളെ ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി-1ല്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും. വിശ്രമമില്ലാതെ കാര്യക്ഷമമായി പ്രവര്‍ത്തിച്ച് അന്വേഷണത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ച സൈബര്‍ പൊലീസ് സേനാംഗങ്ങളെ ജില്ലാ പൊലീസ് മേധാവി അഭിനന്ദിച്ചു.
