September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 12, 2026

തലശ്ശേരി പിലാക്കൂൽ മാരിയമ്മൻ റോഡിലെ കൾവർട്ട് നിർമ്മാണം പാതിവഴിയിൽ.

SHARE

 

 

തലശ്ശേരി പിലാക്കൂൽ മാരിയമ്മൻ റോഡിലെ കൾവർട്ട് നിർമ്മാണം പാതിവഴിയിൽ നിലച്ചതോടെ പ്രദേശവാസികളും വിദ്യാർത്ഥികളും വാഹനയാത്രക്കാരും ദുരിതത്തിൽ. പിലാക്കൂൽ മാരിയമ്മൻ റോഡിൽ നിന്ന് ജൂബിലി റോഡിലേക്ക് കടക്കുന്ന ഭാഗത്താണ് തലശ്ശേരി നഗരസഭയുടെ എൻജിനീയറിങ് വിഭാഗം കൾവർട്ട് നിർമ്മാണത്തിനായി വലിയ ഗർത്തങ്ങൾ കുഴിച്ചത്. എന്നാൽ നിർമ്മാണം പൂർത്തിയാക്കാതെ പ്രവർത്തി നിർത്തിവെച്ചിട്ട് രണ്ട് മാസത്തോളമായി.ദിവസേന കുട്ടികൾ ഉൾപ്പെടെ നിരവധി പേർ സഞ്ചരിക്കുന്ന പ്രധാന വഴിയാണിത്. റോഡിന്റെ ഒരു ഭാഗത്ത് വലിയ കുഴികൾ തുറന്നുകിടക്കുന്നതിനാൽ കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കും അപകടസാധ്യത വർധിച്ചിരിക്കുകയാണ്.
നിർമ്മാണം നടക്കുന്നുവെന്ന മുന്നറിയിപ്പ് നൽകുന്ന ബോർഡുകളോ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളോ ഇവിടെ സ്ഥാപിച്ചിട്ടില്ലെന്ന പരാതിയുമുണ്ട്. റോഡിൽ വളവുള്ള ഭാഗമായതിനാൽ സമീപത്തെത്തുമ്പോഴാണ് ഗർത്തം ശ്രദ്ധയിൽപ്പെടുന്നത്. പ്രത്യേകിച്ച് പരിചയമില്ലാത്ത വാഹനയാത്രക്കാർക്ക് ഇത് അപകടം ക്ഷണിച്ചുവരുത്തുന്ന സാഹചര്യമാണെന്ന് നാട്ടുകാർ പറയുന്നു.
ഇതിന് പുറമെ പ്രദേശത്തെ തെരുവ് വിളക്കുകളും പല ദിവസങ്ങളിലും പ്രവർത്തിക്കാറില്ല. ഇതോടെ രാത്രികാലങ്ങളിൽ സ്ഥിതി കൂടുതൽ അപകടകരമാകുന്നു. വെളിച്ചമില്ലാത്ത റോഡിൽ പാതിവഴിയിൽ നിർത്തിയിട്ടിരിക്കുന്ന കൾവർട്ട് നിർമ്മാണവും വലിയ ഗർത്തങ്ങളും കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്.
സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ ആശ്രയിക്കുന്ന റോഡായതിനാൽ എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കി ഗതാഗതം സുഗമമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. അപകടസാധ്യത കണക്കിലെടുത്ത് നിർമ്മാണം പൂർത്തിയാകുന്നതുവരെ ആവശ്യമായ മുന്നറിയിപ്പ് ബോർഡുകളും സുരക്ഷാ സംവിധാനങ്ങളും സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
“നിർമ്മാണം പാതിവഴിയിൽ നിർത്തിയതോടെ യാത്ര വലിയ ദുരിതമായി. അടിയന്തരമായി കൾവർട്ടിന്റെ പ്രവർത്തി പൂർത്തിയാക്കി റോഡ് ഗതാഗതയോഗ്യമാക്കണം. രാത്രിയിൽ തെരുവ് വിളക്കുകൾ കൂടി പ്രവർത്തിക്കാത്തത് അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്,” പ്രദേശവാസിയായ ഷെഹിർ പറഞ്ഞു.