ദർശന് കുരുക്ക് മുറുകുന്നു; നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന്; നടന്റെ വീട്ടിൽ പരിശോധന നടത്തിയേക്കും

1 min read
SHARE

ബംഗളുരു: കന്നഡ സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ സംഭവം ആയിരുന്നു നടൻ ദർശൻ കൊലക്കേസില്‍ അറസ്റ്റിലായത്. രേണുക സ്വാമി എന്നയാളം കൊലപ്പെടുത്തി എന്നതാണ് കേസ്. സംഭവത്തിൽ ദർശന് കുരുക്ക് മുറുകുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ദർശന്റെ റാങ്ളർ ജീപ്പ് മൃതദേഹം സൂക്ഷിച്ചെന്ന് കരുതുന്ന ഷെഡിലേക്ക് വരുന്നതും പോകുന്നതും ആയ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.  ഒൻപതാം തിയതി പുലർച്ചെ മൂന്നരയോടെയാണ് ഈ വാഹനം അടക്കം രണ്ട് വാഹനങ്ങൾ ഷെഡിലേക്ക് വരുന്നത്.  എന്തിനാണ് പുലർച്ചെ ഷെഡിലേക്ക് പോയത് എന്ന ചോദ്യത്തിന് ആരെയോ പിടിച്ചു കൊണ്ട് വന്നു എന്ന് ഫാൻസ്‌ അസോസിയേഷൻകാർ അറിയിച്ചു എന്നും അതാരാണ് എന്ന് നോക്കാൻ പോയതാണ് എന്നുമാണ് ദർശന്റെ മറുപടി. ശേഷം അവിടെ നടന്നത് എന്തെന്ന് അറിയില്ലെന്നും താൻ ആരെയും മർദിച്ചിട്ടില്ല എന്നുമുള്ള മൊഴിയിൽ ദർശൻ ഉറച്ച് നിൽക്കുകയാണ്. നടന്റെ വീട്ടിലേക്ക് കൊണ്ട് വന്ന ശേഷം സുഹൃത്തിന്റെ ഷെഡിലേക്ക് കൊണ്ട് പോയി രേണുക സ്വാമിയെ ക്രൂരമായി മർദിച്ച് അവശനാക്കി എന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന മൊഴി.  മർദ്ദനത്തിനിടെ മരിച്ച ഇയാളെ മാലിന്യക്കൂമ്പാരത്തിൽ കൊണ്ട് പോയി തള്ളുകയായിരുന്നു. ഇന്ന് പവിത്ര ഗൗഡയെയും ദർശനെയും വിശദമായി വീണ്ടും അന്വേഷണ സംഘം ചോദ്യം ചെയ്യും. ദർശന്റെ വീട്ടിൽ പരിശോധന നടത്താനും സാധ്യതയുണ്ടെന്നാണ് വിവരം.‌