വഡോദരയിൽ പാലം തകർന്ന് മരണം 10 ആയി
1 min read

ഗുജറാത്തിലെ വഡോദരയിൽ നദിക്ക് കുറുകെയുള്ള പാലം തകർന്നുവീണ് 10 പേർ മരിച്ചു. മഹിസാഗർ നദിക്ക് കുറുകെയുള്ള പാലമാണ് തകർന്നത്. അപകടം രാത്രിയിലായതിനാലായിരുന്നു വൻദുരന്തം ഒഴിവായത്. എൻഡിആർഎഫ് സംഘമാണ് രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി സംസാരിച്ചു. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് നൽകും. സംസ്ഥാന സർക്കാർ നാലുലക്ഷം രൂപ വീതം സഹായമാണ് പ്രഖ്യാപിച്ചത്. പരുക്കേറ്റവർക്ക് 50,000 രൂപ വീതവും സഹായം നൽകും.
അപകടത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. തകർന്ന പാലത്തിന്റെ മധ്യത്തിൽ ഒരു ട്രക്ക് തങ്ങി നിൽക്കുന്നത് ദൃശ്യങ്ങൾ കാണാം. രണ്ട് തൂണുകൾക്കിടയിലുള്ള പാലത്തിന്റെ മുഴുവൻ സ്ലാബും അപകടത്തിൽ തകർന്നു. 5 വാഹനങ്ങളാണ് നദിയിലേക്ക് വീണത്.
30 വർഷത്തിലധികം പഴക്കമുള്ള പാലമാണിത്. ഈ പാലത്തിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത്, മൂന്ന് മാസം മുമ്പ് 212 കോടി രൂപയുടെ പുതിയ പാലത്തിന് മുഖ്യമന്ത്രി അംഗീകാരം നൽകിയിരുന്നു. പുതിയ പാലത്തിന്റെ രൂപകൽപ്പനയും ടെൻഡർ ജോലികളും ഇതിനകം ആരംഭിച്ച പശ്ചാത്തലത്തിലാണ് ദാരുണ സംഭവം. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ചീഫ് എഞ്ചിനീയറെയും പാലം ഡിസൈൻ സംഘത്തെയും വിദഗ്ധരെയും സ്ഥലത്തേക്ക് അയയ്ക്കുകയും വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു.
