വെസ്റ്റ്ഇൻഡീസിനോടും തോൽവി; ന്യൂസിലൻഡ് സൂപ്പർ എട്ട് കടക്കാതെ പുറത്തേക്ക്?
1 min readന്യൂയോർക്ക്: അഗാനിസ്ഥാനെതിരെയുള്ള കൂറ്റൻ തോൽവിക്ക് പിന്നാലെ വെസ്റ്റ്ഇൻഡീസിനോടും തോറ്റ് ന്യൂസിലൻഡ്. രണ്ടാം തോൽവിയോടെ ഗ്രൂപ്പ് സിയിൽ നിന്ന് സൂപ്പർ എട്ടിലേക്ക് കടക്കാനുള്ള ടീമിന്റെ സാധ്യതയും മങ്ങി. 150 റൺസായിരുന്നു വെസ്റ്റ് ഇൻഡീസ് മുന്നോട്ട് വെച്ച വിജയ ലക്ഷ്യം. 136 റൺസാണ് കിവി നിരക്ക് സ്കോർ ചെയ്യാനായത്. ന്യൂസിലൻഡ് നിരയിൽ ഗ്ലെൻ ഫിലിപ്സ് മാത്രമാണ് മികച്ചു കളിച്ചത്. 33 പന്തിൽ 40 റൺസാണ് ഫിലിപ്സ് നേടിയത്. വെസ്റ്റ്ഇൻഡീസിനായി അൽസാരി ജോസഫ് നാല് വിക്കറ്റും ഗുദകേശ് മൂന്ന് വിക്കറ്റും നേടി. ഒരു ഘട്ടത്തിൽ മുപ്പത് റൺസിന് അഞ്ചു വിക്കറ്റ് എന്ന ദയനീയ അവസ്ഥയിൽ നിന്നാണ് വെസ്റ്റ് ഇൻഡീസ് പൊരുതാവുന്ന 149 റൺസ് എന്ന ടോട്ടലിലേക്ക് തിരിച്ചു കയറിയത്. 39 പന്തിൽ നിന്നും 68 റൺസെടുത്ത റൂഥർഫോർഡാണ് കരീബിയൻ നിരയിൽ തിളങ്ങിയത്. ആറ് സിക്‌സറും രണ്ട് ഫോറും അടങ്ങിയതായിരുന്നു റൂഥർഫോർഡിന്റെ ഇന്നിംഗ്സ്. ന്യൂസിലൻഡിന് വേണ്ടി ബോൾട്ട് മൂന്ന് വിക്കറ്റും സൗത്തി, ഫെർഗൂസൻ എന്നിവർ രണ്ട് വിക്കറ്റും നേടി. മൂന്ന് മത്സരങ്ങളിൽ മൂന്നിലും വിജയിച്ച് ഗ്രൂപ്പിൽ ഒന്നാമനായി ജയിച്ച് വെസ്റ്റ് ഇൻഡീസിന് സൂപ്പർ എട്ടിലേക്ക് കടന്നു. രണ്ട് മത്സരത്തിലും വിജയമൊന്നുമില്ലാതെ ന്യൂസിലൻഡ് ഗ്രൂപ്പിൽ അഞ്ചാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങളിൽ രണ്ട് വിജയവുമായി നാല് പോയിന്റുള്ള അഫ്‌ഗാനിസ്താനാണ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത്.