കച്ചവടമുറപ്പിക്കുന്നത് ദില്ലിയിൽ, സെക്കന്റ് ഹാൻഡ് വണ്ടിയ്‌ക്കൊപ്പം ‘സാധനവുമെത്തും’, തകർത്തത് കോടികളുടെ ഇടപാട്.

1 min read
SHARE

കൊച്ചി: പറവൂരില്‍ കോടികള്‍ വില വരുന്ന രാസലഹരി പിടികൂടിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. പറവൂര്‍ വാണിയക്കാട് കുഴുപ്പിള്ളി വീട്ടില്‍ നിഖില്‍ പ്രകാശി(30)നെയാണ് പറവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യ സൂത്രധാരനാണ് നിഖില്‍ പ്രകാശ് എന്ന് പൊലീസ് അറിയിച്ചു.

ലഹരി മരുന്നുകള്‍ കൊണ്ടുവരുന്നതിന് വിമാന മാര്‍ഗം ദില്ലിയിലേക്ക് ആദ്യം പോവുകയും, മയക്കുമരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശരിയാക്കുകയും ചെയ്യുന്നത് നിഖില്‍ പ്രകാശാണ്. പിന്നാലെ സംഘത്തിലെ മറ്റുള്ളവര്‍ ദില്ലിയിലെത്തുകയും സെക്കന്റ് സെയിലില്‍ വാങ്ങിയ വാഹനത്തില്‍ ബംഗളൂരു വഴി പറവൂരില്‍ എത്തിക്കുകയുമാണ് സംഘം ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച പറവൂര്‍ തത്തപ്പിള്ളിയിലെ വാടക വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് ഒരു കിലോ എണ്ണൂറ്റിയെമ്പത്തിനാല് ഗ്രാം എം.ഡി.എംഎയാണ് ഡാന്‍സാഫ് ടീമും പറവൂര്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് നിധിന്‍ വിശ്വം, നിധിന്‍.കെ.വേണു, അമിത് കുമാര്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിഖിലിനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ഹ്രസ്വചിത്രം നിര്‍മ്മാണത്തിന്റെ പേരിലാണ് പറവൂര്‍ തത്തപ്പിള്ളിയില്‍ സംഘം വീട് വാടകയ്ക്ക് എടുത്തിരുന്നത്. സമീപകാലത്തെ ജില്ലയിലെ ഏറ്റവും വലിയ ലഹരി മരുന്നു വേട്ടയായിരുന്നു ഇതെന്നും പൊലീസ് അറിയിച്ചു.

നിതിന്‍ വേണുവിനെ മുന്‍പ് പാലക്കാട് വച്ച് 12 കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. നിതിന്‍ വിശ്വം കൊലപാതക ശ്രമം അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.