ദേശീയ പാതാ വികസനം: ധർമ്മശാല മേൽപ്പാലത്തിന്റെ നീളം കൂട്ടണമെന്ന് ജനപ്രതിനിധികൾ
1 min readദേശീയപാത വികസനത്തിന്റെ ഭാഗമായി ധർമ്മശാല ജംഗ്ഷനിൽ നിർമ്മിക്കുന്ന മേൽപ്പാലത്തിന്റെ നീളം വർധിപ്പിച്ച് ചെറുകുന്ന് റോഡിലൂടെയുള്ള യാത്ര സുഗമമാക്കണമെന്ന ആവശ്യവുമായി ജനപ്രതിനിധികൾ. തളിപ്പറമ്പ് മണ്ഡലത്തിലെ ദേശീയപാത പ്രവൃത്തി വിലയിരുത്താനും മഴക്കാല പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ടും എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ആവശ്യം ഉയർന്നത്. ദിവസവും ആയിരക്കണക്കിന് ആളുകളാണ് മുത്തപ്പൻ ക്ഷേത്രത്തിലേക്ക് ഉൾപ്പെടെ ധർമ്മശാല വഴി പറശ്ശിനിക്കടവിലേക്ക് പോകുന്നത്. പറശ്ശിനി ഭാഗത്തേക്ക് പോകുന്നവർക്ക് അടിപ്പാത ആശ്വാസമാണെങ്കിലും ധർമ്മശാല-ചെറുകുന്ന് റോഡ് ഒറ്റപ്പെടുന്ന സ്ഥിതിയാണെന്ന് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ പറഞ്ഞു. പ്രശ്‌നപരിഹാരത്തിനായി ചെറുകുന്ന് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് മറ്റൊരു മേൽപ്പാലം നിർമ്മിക്കുകയോ നിലവിലുള്ളതിന്റെ നീളം വർധിപ്പിക്കുകയോ ചെയ്യണെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ ആവശ്യപ്പെട്ടു. പ്രദേശം സന്ദർശിച്ച ഉദ്യോഗസ്ഥർ വിഷയത്തിൽ പുനഃപരിശോധന നടത്താമെന്ന് ഉറപ്പ് നൽകി. തുടർന്ന് തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ മഴക്കാല പ്രതിരോധ പ്രവർത്തനങ്ങൾ വിശദീകരിച്ചു. കാലവർഷക്കെടുതിയുണ്ടായാൽ അടിയന്തര ഇടപെടൽ നടത്താൻ എം എൽ എ നിർദ്ദേശിച്ചു. ധർമ്മശാല ഗവ. എഞ്ചിനീയറിങ്ങ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ, കണ്ണൂർ എ ഡി എം കെ കെ ദിവാകരൻ, തളിപ്പറമ്പ് ആർ ഡി ഒ ഇ പി മേഴ്‌സി, ദേശീയപാത പ്രൊജക്ട് ഡയറക്ടർ, തദ്ദേശ സ്ഥാപന അധ്യക്ഷർ, വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.