ലഹരി വിമുക്ത കണ്ണൂര്‍: അധ്യാപകര്‍ക്ക് പരിശീലനം നല്‍കി
1 min read

നശാമുക്ത് ഭാരത് അഭിയാന്‍ ലഹരിമുക്ത കണ്ണൂര്‍ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, ജില്ലാ സാമൂഹ്യനീതി ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജില്ലയിലെ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്കും സൗഹൃദ കോ ഓര്‍ഡിനേറ്റര്‍മാര്‍ക്കുമുള്ള ഏകദിന ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവി പി നിതിന്‍ രാജ് ഉദ്ഘാടനം ചെയ്തു. തെറ്റുകളെ എതിര്‍ക്കാനുള്ള ആര്‍ജവം നേടുന്ന രീതിയിലേക്ക് കുട്ടികളെ വാര്‍ത്തെടുക്കാന്‍ സാധിക്കണമെന്നും ഇന്റര്‍നെറ്റ് യുഗത്തില്‍ ജീവിക്കുന്ന കുട്ടികള്‍ ലഹരിയുടെ കെണിയില്‍ അകപ്പെടാന്‍ സാധ്യത കൂടുതലാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ലഹരി ഉപയോഗിക്കുന്ന കുട്ടികളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റം തിരിച്ചറിയാന്‍ അധ്യാപകര്‍ക്ക് സാധിക്കണമെന്നും അത് സജീവമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാപഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ സതീഷ് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. കുട്ടികള്‍ നാടിന്റെ പൊതുസ്വത്താണെന്നും രക്ഷിതാക്കള്‍ക്കും സമൂഹത്തിനും ലഹരിയില്‍ നിന്നും അവരെ സംരക്ഷിക്കണ്ട ഉത്തരവാദിത്തമുണ്ടെന്നും കലക്ടര്‍ പറഞ്ഞു. ലഹരി മാഫിയ സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികളെ കാത്തിരിക്കുന്നുണ്ടെന്നും ഇത്തരം ചതിക്കുഴിയില്‍ വീഴാതിരിക്കാനുള്ള ശ്രദ്ധ അധ്യാപകര്‍ ഏറ്റെടുക്കണമെന്നും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ സതീഷ് കുമാര്‍ പറഞ്ഞു.
മയക്കുമരുന്ന് ദുരുപയോഗവും കൗമാര അതിക്രമവും; നിയമങ്ങളും പ്രായോഗിക സമീപനവും’ എന്ന വിഷയത്തില്‍ പാനല്‍ ലോയറും ജെ സി ഐ ട്രെയിനറുമായ കെ.എ പ്രദീപ്, ‘ലഹരി ഉപയോഗം; നേരത്തെയുള്ള തിരിച്ചറിയലും ശാസ്ത്രീയ ഇടപെടലും’ എന്ന വിഷയത്തില്‍ ഡി എം എച്ച് പി സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ കെ.വി നിഖിത വിനോദ് എന്നിവര്‍ ക്ലാസ്സെടുത്തു. ‘ഹയര്‍സെക്കന്ററി സ്‌കൂളുകളിലെ ലഹരി ഉപയോഗം തടയാനുള്ള കര്‍മ പരിപാടികള്‍’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ പാനല്‍ കെ.എ പ്രദീപ്, കെ.വി നിഖിത വിനോദ്, വിമുക്തി മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം സുജിത്ത്, സി ജി ആന്‍ഡ് എ സി സെല്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ആര്‍ റീജ എന്നിവര്‍ പങ്കെടുത്തു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി ബിജു മോഡറേറ്ററായി. ഹയര്‍സെക്കന്ററി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വി സ്വാതി, എന്‍ എം ബി എ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ ബേബി ജോണ്‍ എന്നിവര്‍ സംസാരിച്ചു.
