വേവിക്കാത്ത പന്നിയിറച്ചി കഴിച്ചാൽ ഇങ്ങനെയും സംഭവിക്കാം; സി ടി സ്കാൻ കണ്ട് ഞെട്ടി ഡോക്ടർമാർ
1 min readകൃത്യമായി വേവിക്കാത്ത് ഭക്ഷണം കഴിക്കുന്നത് നമുക്ക് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ സമ്മാനിക്കാറുണ്ട്. അത്തരത്തിൽ ഒന്ന് നേരിൽ കണ്ട് കണ്ണ് തള്ളിയതിൻ്റെ അനുഭവമാണ് ഇപ്പോൾ എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്. വേവിക്കാത്ത പന്നിയിറച്ചി കഴിച്ചതോടെ അണുബാധയേറ്റയാളുടെ സി ടി സ്കാനാണ് ഇവിടെ താരം. ഡോക്ടർ തന്നെയാണ് ഇത് പങ്കുവെച്ചിട്ടുള്ളത്. ഫ്ലോഫിഡ എമർജൻസി ഡിപ്പാർട്ട്മെൻ്റിലെ ഡോക്ടർ പങ്കുവെച്ച ചിത്രം ഇപ്പോൾ ലോകത്തെ മുഴുവൻ ഭയപ്പെടുത്തിയിരിക്കുകയാണ്. വേവിക്കാത്ത പന്നിയിറച്ചി കഴിച്ച രോഗിയുടെ കാലുകളിൽ ഗുരുതരമായ രീതിയിൽ പാരസൈറ്റ് ഇൻഫെക്ഷൻ ബാധിച്ചതായാണ് സിടി സ്കാനിലുള്ളത്.
അത്യാഹിത വിഭാഗത്തിലെ ഡോ സാം ഗാലിയാണ് ആരെയും ഭയപ്പെടുത്തുന്ന ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം പങ്കുവെച്ചു കൊണ്ട് എന്താണ് ഈ അസുഖമെന്നും അതിൻ്റെ വിവരങ്ങളുമാണ് ഡോക്ടർ പങ്കുവെച്ചിട്ടുള്ളത്. പേര് കേട്ടാൽ ഭയപ്പെടുത്തുന്നതാണ് രോഗത്തിൻ്റെ പേര്. സിസ്റ്റിസിർകോസിസ് എന്ന പാരസൈറ്റ് ഇൻഫെക്ഷനാണ് രോഗിയെ ബാധിച്ചിരിക്കുന്നത്. ടീനിയ സോലിയം എന്ന നാടവിരയിലെ മുട്ടകളിൽ നിന്നാണ് അണുബാധയുണ്ടാകുന്നത്. പന്നിയിറച്ചി നന്നായി വേവിക്കാതെ കഴിക്കുന്നതിലൂടെയാണ് ഈ അണുബാധ ഉണ്ടാവുന്നത്. വേവിക്കാതെ കഴിക്കുന്നതിലൂടെ പന്നിയിറച്ചിയിലുള്ള നാടവിരയിലെ ലാർവൽ സിസ്റ്റുകൾ ശരീരത്തിൽ എത്തിയാണ് അണുബാധയുണ്ടാകുന്നത്.
നന്നായി വേവിക്കാത്ത പന്നി ഇറച്ചി തിന്നുന്നതിലൂടെ ശരീരത്തിലെത്തുന്ന അണുബാധ അഞ്ചുമുതൽ പന്ത്രണ്ട് ആഴ്ചകൾക്കുള്ളിൽ ദഹനനാളത്തിൽ വെച്ച് തന്നെ പൂർണവളർച്ചയിൽ എത്തുകയും നാടവിരകളായി മാറുകയും ചെയ്യുന്നു. ഇവ പിന്നീട് മുട്ടകൾ ഉത്പാദിപ്പിക്കുകയും മനുഷ്യവിസർജത്തിലൂടെ പുറന്തള്ളുകയും ചെയ്യും. ഭക്ഷണത്തിലൂടെ ശരീരത്തിൽ എത്തുക മാത്രമല്ല, സിസ്റ്റിസിർകോസിസ് എന്ന അവസ്ഥയ്ക്കും ഇവ കാരണമാകുന്നു എന്നാണ് ഡോക്ടർമാർ പറയുന്നത്. ഈ മുട്ടകളിൽ നിന്ന് പിന്നീട് ലാർവകൾ പുറത്ത് വരികയും അത് കുടൽഭിത്തിയിൽ തുളച്ചുകയറി രക്തപ്രവാഹത്തിലേക്കും ശരീരത്തിന്റെ മറ്റുഭാഗത്തിലേക്കും പ്രവഹിക്കുകയും ചെയ്യും.