വ്യായാമവും ഭക്ഷണക്രമവും; പ്രായമായപ്പോഴും അത്ഭുതപ്പെടുത്തുന്ന ആരോഗ്യമായിരുന്നു വിഎസിന്’; ഡോ. ഭരത് ചന്ദ്രൻ
1 min read

പ്രായമായപ്പോഴും അത്ഭുതപ്പെടുത്തുന്ന ആരോഗ്യം വിഎസിന് ഉണ്ടായിരുന്നുവെന്ന് ഡോ.ഭരത്‌ചന്ദ്രൻ. ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും കൃത്യമായി പാലിച്ച ആളാണ് അദ്ദേഹം. വ്യായാമവും നല്ല ഭക്ഷണവും ദിനചര്യയായിരുന്നു. മരുന്നുകൾ കഴിക്കാൻ മടി കാണിക്കാറുണ്ടായിരുന്നു. ഡോക്ടർ എന്ന നിലയിൽ തന്റെ നിർദേശങ്ങൾ പാലിക്കാറുണ്ടായിരുന്നുവെന്നും ഡോ. ഭരത്‌ചന്ദ്രൻ പറഞ്ഞു.
അച്ചടക്കത്തോടെയുള്ള ദിനചര്യകള്‍ വി എസ് അവസാനം വരെയും കാത്തുസൂക്ഷിച്ചു. മുഖ്യമന്ത്രി മുതല്‍ തിരക്കുള്ള ഏത് പദവി വഹിക്കുമ്പോഴും ചിട്ടകളുടെ കാര്യത്തില്‍ വി എസ് ഒരുതരത്തിലുള്ള ഒത്തുതീര്‍പ്പിനും തയ്യാറായില്ല. വ്യായാമം തൊട്ട് കഴിക്കുന്ന ഭക്ഷണത്തിലടക്കം അച്ചടക്കം പാലിച്ചു. ക്ലിഫ് ഹൗസ്, കന്റോണ്‍മെന്റ് ഹൗസ്, കവടിയാര്‍ ഹൗസ് എന്നിവിടങ്ങളിലെ താമസക്കാലത്ത് മാത്രമല്ല വാടക വീടുകളില്‍ താമസിച്ചിരുന്നപ്പോഴും യാത്രകളില്‍ ഗസ്റ്റ് ഹൗസുകളിലും മറ്റും താമസിക്കുമ്പോഴും വ്യായാമത്തില്‍ വിട്ടുവീഴ്ച ചെയ്തില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകളില്‍ പോലും നടക്കാനുള്ള സമയം വി എസ് കണ്ടെത്തിയിരുന്നു.
രാവിലെ അഞ്ചര മണിക്ക് ഉറക്കമെഴുന്നേല്‍ക്കുന്നതോടെ കര്‍മനിരതമായ ഒരു ദിവസത്തിന് ആരംഭമായി. എഴുന്നേറ്റ് പ്രഭാതകൃത്യങ്ങള്‍ക്ക് ശേഷം ഒരു ഗ്ലാസ് കരിക്കിന്‍വെള്ളം കുടിക്കും. പിന്നെ യോഗ. അതുകഴിഞ്ഞ് പത്രവായന. പിന്നെ നടത്തം. ദീര്‍ഘകാലം തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലാണ് നടക്കാന്‍ പോയിരുന്നത്. സെക്രട്ടേറിയേറ്റ് പരിസരത്തും നടന്നിരുന്നു. എന്നാല്‍ പിന്നീട് അത് വീട്ടുമുറ്റത്തേയ്ക്ക് മാറ്റി. പിന്നീട് വെയില്‍ കാഞ്ഞതിനുശേഷമായിരുന്നു പ്രഭാത ഭക്ഷണം.
പ്രഭാത ഭക്ഷണം ഇഡ്ഡലി, ദോശ, ഇടിയപ്പം എന്നിവയിലേതെങ്കിലും രണ്ടെണ്ണം. സാമ്പാര്‍, കടല എന്നിവയാണ് കറികള്‍. ഒപ്പം പുഴുങ്ങിയ ഏത്തപ്പഴത്തിന്റെ പകുതിയും. 11 മണിക്ക് ഒരു ഗ്ലാസ് കരിക്കിന്‍വെള്ളം. ഉച്ചയ്ക്ക് കുറച്ച് ചോറ്. പുളിശ്ശേരി, തോരന്‍, അവിയല്‍ എന്നിവയാണ് കറികള്‍. വര്‍ഷങ്ങളായി സസ്യഭുക്കായിരുന്നെങ്കിലും ഡോക്ടര്‍ നിര്‍ദേശിച്ചതനുസരിച്ച് കഴിഞ്ഞ വര്‍ഷങ്ങളില്‍ വി.എസ് മീന്‍ കഴിച്ചിരുന്നു. ഉച്ചയ്ക്കുശേഷം മൂന്നരയ്ക്ക് ഒരു ആപ്പിള്‍ കഴിക്കും. പിന്നീട് രാത്രി ഒരു ഗ്ലാസ് ഓട്‌സും ഒരു രസകദളി പഴവും. ചായ, കാപ്പി എന്നിവയൊന്നും വി എസ് പണ്ട് മുതലെ കഴിച്ചിരുന്നില്ല.ഹോട്ടല്‍ ഭക്ഷണം കഴിവതും ഒഴിവാക്കുകയായിരുന്നു വി.എസ്സിന്റെ പതിവ്. വീട്ടില്‍ ആവശ്യത്തിനുള്ള പച്ചക്കറി കൃഷി ചെയ്തിരുന്നു. രക്തസമ്മര്‍ദ്ദമുണ്ടായിരുന്നതിനാല്‍ ഉപ്പ് കുറവുള്ള ആഹാരങ്ങളാണ് പതിവ്. അച്ചാര്‍ പോലുള്ളവയൊന്നും പണ്ടുമുതലേ കഴിച്ചിരുന്നില്ല. പിറന്നാള്‍ ദിനത്തില്‍ മാത്രമാണ് വി എസ് മധുരത്തിന്റെ കൂട്ടുകാരനായിരുന്നത്. ഒരു പിറന്നാള്‍ ദിനത്തില്‍ കുട്ടികളുമായി സംസാരിക്കവേ എന്താണ് ഇഷ്ട ഭക്ഷണമെന്ന ചോദ്യത്തിന് അമ്പലപ്പുഴ പാല്‍പ്പായസം എന്നായിരുന്നു വി എസ്സിന്റെ കൗതുകമുള്ള മറുപടി.
