കോഴിക്കോട് കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു
1 min read

കോഴിക്കോട് കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു. ആനയാംകുന്ന് സ്വദേശി സുരേഷിനാണ് സൂര്യാഘാതമേറ്റത്. കൃഷി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് എത്തിയ സുരേഷ് ചില അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് സുരേഷിന്റെ കഴുത്തിൽ പൊള്ളലേറ്റ പാടുകൾ കണ്ടെത്തിയത്. ഇന്ന് രാവിലെ മുക്കത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയപ്പോഴാണ് സൂര്യാഘാതമേറ്റെന്ന് തിരിച്ചറിഞ്ഞത്. വാഴ കൃഷി ചെയ്യുന്ന സുരേഷിന് കൃഷി സ്ഥലത്ത് വെച്ച് സൂര്യാഘാതമേറ്റു എന്നാണ് പ്രാഥമികമായി മനസിലാക്കാൻ സാധിക്കുന്നത്.കോഴിക്കോടിന് സമാനമായി മലപ്പുറത്തും കോന്നിയിലും 2 പേർക്ക് സൂര്യാഘാതമേറ്റിട്ടുണ്ട്. മലപ്പുറം തിരൂരങ്ങാടി ചെറുമുക്കിൽ ഹുസൈൻ എന്ന 44 കാരനാണ് പൊള്ളലേറ്റത്. വീടിന്റെ ടെറസിന് മുകളിൽ ജോലി ചെയ്യുന്നതിനിടെയാണ് ഹുസൈന് വലത് കയ്യിലും, കഴുത്തിലും സൂര്യാതാപമേറ്റത്. കോന്നിയിൽ ഗ്രാമപഞ്ചായത്ത് അംഗം കെ ജി ഉദയനാണ് സൂര്യാഘാതം ഏറ്റത്. ഇന്ന് ഉച്ചയ്ക്ക് 12:30 ന് ആയിരുന്നു സംഭവം.അതേസമയം, സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുകയാണ്. എല്ലാ ജില്ലകളിലും സാധാരണയെക്കാൾ 2 മുതൽ 3°C വരെ താപനില ഉയരാം. തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 38°C വരെ താപനില ഉയരാം. മലപ്പുറം, എറണാകുളം ജില്ലകളിൽ 37°C വരെയും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ 35°C വരെയും താപനില ഉയരാം. വയനാട്, കൊല്ലം ജില്ലകളിൽ 34°C വരെയും,
തിരുവനന്തപുരത്ത് 33 °C വരെയും ഇടുക്കിയിൽ32 °C താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
