‘ജിന്ന് മന്ത്രിച്ചൂതിയ പഴം,വില 2500!’ ആത്മീയചികിത്സയുടെ പേരിൽ തട്ടിപ്പ്, പൂട്ടിച്ച് നാട്ടുകാർ

ജിന്ന് മന്ത്രിച്ചൂതിയ പഴം കഴിച്ചാല്‍ അത്ഭുതം നടക്കുമെന്ന പേരില്‍ തട്ടിപ്പ് നടത്തിയ വ്യാജ ചികിത്സാകേന്ദ്രം നാട്ടുകാര്‍ പൂട്ടിച്ചു. മൂവാറ്റുപുഴ സ്വദേശി ജമാലുദ്ദീന്റെ നേതൃത്വത്തിലായിരുന്ന ‘ജിന്ന് മഹ്ളറ’ എന്ന സ്ഥാപനമാണ് പൂട്ടിച്ചത്. മലപ്പുറം തിരുനാവായ കൊടക്കലിലാണ് സംഭവം. ജിന്ന് മന്ത്രിച്ച് ഊതിയ പഴം കഴിച്ചാല്‍ അത്ഭുതങ്ങള്‍ നടക്കുമെന്ന വ്യാജേനയായിരുന്നു തട്ടിപ്പ്. ഒരു ഏത്തപ്പഴത്തിന് 2500 രൂപ വരെയാണ് ലഭിച്ചിരുന്നത്. ദൃശ്യങ്ങള്‍ സാമുഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്. ഒടുവില്‍ ആത്മീയ തട്ടിപ്പ് കേന്ദ്രം നാട്ടുകാരും യൂത്ത് ലീഗ് പ്രവര്‍ത്തകരും ചേര്‍ന്ന് പൂട്ടിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
വ്യാജ ചികിത്സാകേന്ദ്രത്തില്‍ രോഗമുക്തിക്കായി കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ആളുകളെത്തിയിരുന്നു. ആയിരക്കണക്കിന് ആളുകളില്‍നിന്ന് വന്‍തുക തട്ടിയെടുത്തെന്നാണ് ആരോപണം. ജിന്നിനെ വിളിച്ചുവരുത്തി രോഗശാന്തി നല്‍കുമെന്നും ജിന്നിന്റെ ഉപദ്രവം ഒഴിപ്പിക്കുമെന്നും തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് സ്ഥാപനം നല്‍കിയിരുന്നത്.
ജിന്ന് ആയി വേഷമിട്ട ഒരാളും സ്ഥാപനത്തില്‍ ഉണ്ടായിരുന്നു. ഇയാളെ ജിന്ന് ആയി അവതരിപ്പിച്ചാണ് ആളുകളെ വിശ്വസിപ്പിച്ചിരുന്നത്. സ്പീക്കര്‍ ബോക്സിലൂടെ അറബിയും ഉറുദുവും സംസാരിച്ചും ജിന്ന് മന്ത്രിച്ചൂതിയതെന്ന് അവകാശപ്പെടുന്ന പഴം ലേലം വിളിച്ചുമാണ് ആളുകള്‍ക്ക് നല്‍കിയിരുന്നത്. തൊലി കളയാത്ത പഴം രണ്ടു കഷണങ്ങളായി മുറിഞ്ഞിരിക്കുന്നത് കാണിച്ച് അത്ഭുത പഴം എന്ന പേരിലായിരുന്നു തട്ടിപ്പ്. പഴത്തിൻ്റെ തൊലി കളയാതെ തന്നെ സൂചി ഉപയോഗിച്ചാണ് ഉള്ളിലെ പഴം രണ്ടു കഷ്‌ണങ്ങളായി മുറിച്ചുവെക്കുന്നതെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് വ്യാജ ചികിത്സാകേന്ദ്രം നാട്ടുകാര്‍ പൂട്ടിച്ചത്.

