ഗഗൻയാൻ പരീക്ഷണ വിക്ഷേപണം വിജയം, ക്രൂ മൊഡ്യൂൾ കടലിൽ പതിച്ചു
1 min readമനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ പരീക്ഷണ ദൗത്യം വിജയം. ഏറെ നേരെ നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിൽ 10 മണിയോടെയാണ് വിക്ഷേപണം ആരംഭിച്ചത്. 9 മിനിറ്റ് 51 സെക്കന്റിലാണ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. ക്രൂ മൊഡ്യൂൾ കടലിൽ പതിച്ചു.
ഗഗൻയാൻ ദൗത്യങ്ങൾക്ക് മുന്നോടിയായുള്ള ക്രൂ എസ്കേപ്പ് സിസ്റ്റം പരീക്ഷണമാണ് ഇന്ന് നടന്നത്. വിക്ഷേപണത്തറയിൽ നിന്ന് പറന്നുയർന്ന് ബഹിരാകാശത്തേക്ക് എത്തുന്നതിന് മുമ്പ് എന്തെങ്കിലും പ്രശ്നം സംഭവിച്ചാൽ യാത്രക്കാരെയും യാത്രാ പേടകത്തെയും റോക്കറ്റിൽ നിന്ന് വേർപ്പെടുത്തി സുരക്ഷിതമായ അകലത്തേക്ക് മാറ്റുന്ന സംവിധാനമാണ് ക്രൂ എസ്കേപ്പ് സിസ്റ്റം. പ്രത്യേകം രൂപകൽപ്പന ചെയ്ത വിക്ഷേപണ വാഹനമാണ് ക്രൂ എസ്കേപ്പ് സിസ്റ്റം പരീക്ഷണത്തിനായി ഇസ്രൊ ഉപയോഗിച്ചത്. രാവിലെ രണ്ടു തവണ നീട്ടി വെച്ച പരീക്ഷണം പത്ത് മണിയോടെയാണ് നടന്നത്. ആദ്യം മോശം കാലാവസ്ഥയെ തുടർന്നും പിന്നീട് സാങ്കേതിക പ്രശ്നം കാരണവുമാണ് പരീക്ഷണം നീട്ടിവെച്ചത്.