IMFൽ നിന്ന് ഗീതാ ഗോപിനാഥ് പടിയിറങ്ങുന്നു; സാമ്പത്തിക ശാസ്ത്രത്തിൽ നിന്ന് അകലാതെ ഹാർവാഡിൽ അധ്യാപനത്തിലേക്ക്
1 min read

രാജ്യാന്തര നാണ്യനിധിയുടെ ഫസ്റ്റ് ഡെപ്യൂട്ടി എം ഡി എന്ന ചുമതലയിൽ നിന്ന് പടിയിറങ്ങുകയാണ് ഗീതാ ഗോപിനാഥ്. മുൻ റിസർവ് ബാങ്ക് ഗവർണറായിരുന്ന ഡോ രഘുറാം രാജൻ, കൗശിക് ബസു, അഭിജിത് സെൻ, അരവിന്ദ് സുബ്രഹ്മണ്യൻ എന്നിവരുടെ പട്ടികയിലേക്ക് ചേർന്ന് അധ്യാപനത്തിലേക്കാണ് ഗീതാ ഗോപിനാഥിന്റെ മടക്കം. ഹാർവാഡിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിൽ ഇനാഗുറൽ ഗ്രിഗറി, അനിയ കോഫെ പ്രൊഫസർ ഓഫ് ഇക്കണോമിക്സ് എന്നാവും ഇനി ഗീതാ ഗോപിനാഥിന്റെ വിലാസം.
ഐഎംഎഫിലെ ഫസ്റ്റ് ഡെപ്യൂട്ടി എംഡിയായിരുന്ന ഗീതാ ഗോപിനാഥ് സ്ഥാനമൊഴിയുന്ന വിവരം അറിയിച്ചത് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജീവയാണ്. 2019ലാണ് ഹാർവാഡിലെ അധ്യാപനത്തിൽ നിന്ന് ലീവെടുത്ത് ഗീതാ ഗോപിനാഥ് രാജ്യാന്തര നാണ്യ നിധിയിലെ ചീഫ് ഇക്കണോമിസ്റ്റായി ചുമതലയേൽക്കുന്നത്. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് ഗീതാ ഗോപിനാഥ്. 2022ലാണ് ഫസ്റ്റ് ഡെപ്യൂട്ടി എംഡിയായി സ്ഥാനക്കയറ്റം ലഭിക്കുന്നത്. ഒമ്പത് വർഷമാണ് ഗീതാ ഗോപിനാഥ് ഐഎംഎഫിനൊപ്പമുണ്ടായിരുന്നത്.
മികച്ച സഹപ്രവർത്തകയും അസാധാരണമായ ബൗദ്ധിക ശേഷി പ്രകടിപ്പിക്കുന്ന നേതാവുമാണ് ഗീതാ ഗോപിനാഥെന്ന് ക്രിസ്റ്റലീന ജോർജീവ പറഞ്ഞു. ഫണ്ട് വിനിയോഗം, രാജ്യാന്തര സാന്പത്തിക ശാസ്ത്രം, പ്രൊഫഷണലിസം എന്നിവയിൽ അനിതരസാധാരണമായ മികവ് പുലർത്തുന്നയാളാണ് ഗീതാ ഗോപിനാഥെന്നും പകർച്ചവ്യാധി,ഭൗമ രാഷ്ട്രീയ പ്രശ്നങ്ങൾ, ജീവിതച്ചെലവ് പ്രതിസന്ധി, ആഗോള വ്യാപാര മേഖലയിലെ പ്രതിസന്ധി എന്നിവയുടെ കാലത്ത് ഗീതാ ഗോപിനാഥിന്റെ പ്രായോഗിക നയരൂപീകരണം ഐഎംഎഫിന് ഏറെ സഹായകമായെന്നും ജോർജീവ പറഞ്ഞു. ഗീതാ ഗോപിനാഥിന്റെ പ്രായോഗിക നയ രൂപീകരണത്തെ ഏറെ ആദരവോടെയാണ് താൻ കാണുന്നതെന്നും അവർ കൂട്ടിച്ചേർത്തു. സാമ്പത്തിക പരാധീനതയിൽ പെട്ട അർജന്റീനയ്ക്കും യുദ്ധ ഭീതിയിലാഴ്ന്ന യുക്രെയ്നും ഫണ്ടുകൾ അനുവദിക്കുന്നതിൽ ഗീതാ ഗോപിനാഥ് കാട്ടിയ അവധാനതയെയും ജോർജീവ പ്രശംസിച്ചു. ജി 7, ജി 20 പോലെയുള്ള രാജ്യാന്തര കൂട്ടായ്മകളിൽ ഐഎംഎഫിനെ ക്രിയാത്മകമായി പ്രതിനിധീകരിക്കാനും ഗീതാ ഗോപിനാഥിന് കഴിഞ്ഞിട്ടുണ്ടെന്നും ജോർജീവ.തുടർന്ന് രാജി സ്ഥിരീകരിച്ചുകൊണ്ട് എക്സിൽ ഗീതാ ഗോപിനാഥിന്റെ പോസ്റ്റും വന്നു. “ആദ്യം ചീഫ് ഇക്കണോമിസ്റ്റായും പിന്നീട് ഫസ്റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായും ഐഎംഎഫിൽ ചെലവഴിക്കാനായതിൽ ഞാൻ കൃതാർത്ഥയാണ്”. സാമർത്ഥ്യവും പ്രതിബദ്ധതയുള്ള ഐഎംഎഫ് ജീവനക്കാർ, മാനേജ്‌മെന്റിലെ സഹപ്രവർത്തകർ, എക്‌സിക്യൂട്ടീവ് ബോർഡ്, രാജ്യത്തലവന്മാർ എന്നിവരുമായി അടുത്ത് പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചു. അഭൂതപൂർവമായ വെല്ലുവിളികളുടെ ഒരു കാലഘട്ടത്തിൽ ഐഎംഎഫിനെ സേവിക്കാൻ ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിച്ച അവസരത്തിന് ക്രിസ്റ്റലീനയ്ക്കും അവരുടെ മുൻഗാമിയായ ക്രിസ്റ്റീൻ ലഗാർഡെയ്ക്കും നന്ദിയും അറിയിക്കുന്നുണ്ട് ഗീതാ ഗോപിനാഥ്. ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും അടുത്ത തലമുറയിലെ സാമ്പത്തിക വിദഗ്ധരെ പരിശീലിപ്പിക്കുന്നതിനും അന്താരാഷ്ട്ര ധനകാര്യത്തിലും മാക്രോ ഇക്കണോമിക്‌സിലും ഗവേഷണ മേഖലയിലും പുതിയ അതിരുകൾ രചിക്കാൻ അക്കാദമിക് മേഖലയിലേക്ക് മടങ്ങുന്നു.”എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. രാജ്യാന്തര നാണ്യനിധിയിൽ നിന്നുള്ള ഗീതാ ഗോപിനാഥിന്റെ പടിയിറക്കം ചർച്ചകൾക്കും വഴിവക്കുന്നുണ്ട്.
