August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 24, 2026

‘മോദി സർക്കാരിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയും’; ട്രെയിൻ അപകടത്തിൽ കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

SHARE

ഡൽഹി: കാഞ്ചൻജംഗ എക്‌സ്പ്രസ് ട്രെയിനിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയിടിച്ചുണ്ടായ അപകടത്തിന് പിന്നാലെ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി സർക്കാരിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയും കാരണമാണ് ട്രെയിൻ അപകടങ്ങൾ വർദ്ധിക്കുന്നതെന്നും രാഹുൽ ​ഗാന്ധി കുറ്റപ്പെടുത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും കേന്ദ്രത്തിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. 10 വർഷമായി റെയിൽവേ മന്ത്രാലയത്തിൽ കെടുകാര്യസ്ഥതയെന്ന് ഖർഗെ ആരോപിച്ചു. റെയിൽവെ മന്ത്രാലയത്തെ സ്വയം പ്രമോഷൻ്റെ വേദിയാക്കി മാറ്റി. ഈ അപകടത്തിൻ്റെ ഉത്തരവാദി മോദി സർക്കാരാണ്. ദുരന്തം വേദനാജനകമാണെന്നും ഇരകൾക്ക് ഉടനടി പൂർണമായ നഷ്ടപരിഹാരം നൽകണമെന്നും ഖർഗെ ആവശ്യപ്പെട്ടു. അപകടത്തിൽ മരണ സംഖ്യ 15 ആയി ഉയർന്നു. 60 പേർക്ക് പരിക്കേറ്റതായാണ് നിലവിൽ ലഭിക്കുന്ന വിവരം. ലോക്കോ പൈലറ്റും സഹ പൈലറ്റും അപകടത്തിൽ മരിച്ചു. ഡാർജിലിങ് ജില്ലയിലെ ഫാൻസിഡെവ മേഖലയിലാണ് അപകടം നടന്നത്. രംഗപാണി സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. മൂന്ന് ബോഗികൾ പാളം തെറ്റി. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി റെയില്‍വേ അറിയിച്ചു. ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട ട്രെയിനുകളിലൊന്നായിട്ടും കാഞ്ചൻജംഗ എക്സ്പ്രസിനെ ഇപ്പോഴും എൽഎച്ച്ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകളായി ഉയർത്തിയിട്ടില്ല. എൽഎച്ച്ബി കോച്ചുകൾ വേഗം കൂടിയതും സുരക്ഷിതവുമായതിനാൽ അപകടമുണ്ടായാൽ പരസ്പരം ഇടിച്ചുകയറില്ല. എന്നാൽ കാഞ്ചൻജംഗയിൽ ഇപ്പോഴും പരമ്പരാഗത ഐസിഎഫ് (ഇന്റഗ്രൽ കോച്ച് ഫാക്ടറി) കോച്ചുകളാണുള്ളത്. 1955 മുതൽ ഇതാണ് ഉപയോഗിച്ചു വരുന്നത്.