കേരള നവോത്ഥാനത്തിൻ്റെ സമര നായകൻ; ഇന്ന് അയ്യങ്കാളിയുടെ 161ാം ജന്മവാർഷികം

1 min read
SHARE

നവോത്ഥാന നായകനും പാർശ്വവത്കരിക്കപ്പെട്ട ജനതയുടെ മുന്നണിപ്പോരാളിയുമായ മഹാത്മാ അയ്യങ്കാളിയുടെ (Ayyankali Jayanthi) 161-ാംമത് ജന്മവാർഷികമാണ് ഇന്ന്. എല്ലാ വർഷവും ഓ​ഗസ്റ്റ് 28നാണ് (August 28) ഈ ദിവസം ആചരിച്ച് പോകുന്നത്. കീഴ്ജാതിക്കാർക്ക് ഉയർന്ന ജാതിക്കാരിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾക്ക് അറുതിവരുത്താൻ അദ്ദേഹം വഹിച്ച പങ്ക് ചെറുതായിരുന്നില്ല. ഉയർന്ന ജാതിയിൽപ്പെട്ടവർക്ക് മാത്രം സഞ്ചരിക്കാൻ അവകാശമുണ്ടായിരുന്ന വഴിയിലൂടെ വില്ലുവണ്ടി തെളിച്ചുകൊണ്ടാണ് ജാതിക്രൂരതയ്ക്കെതിരെ മഹാത്മാ അയ്യങ്കാളി രംഗത്തെത്തിയത്. തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ എന്ന ഉൾനാടൻ ഗ്രാമത്തിൽ പെരുങ്കാറ്റു വിളയിലെ പ്ലാവറ വീട്ടിൽ 1863 ഓഗസ്റ്റ് 28ന് അയ്യൻ-മാല ദമ്പതികളുടെ മകനായാണ് അയ്യങ്കാളി ജനിച്ചത്. അയ്യങ്കാളി ഉൾപ്പെടുന്ന സമുദായത്തിന് അക്കാലത്ത് എല്ലാതരത്തിലും സമൂഹത്തിൽ നിന്ന് വിലക്കേർപ്പെടുത്തിയിരുന്നു. അയിത്താചാരം മൂലം റോഡിലൂടെ നടക്കാനോ വസ്ത്രം ധരിയ്ക്കാനോ വിദ്യാഭ്യാസം നേടുന്നതിനോ പോലും ഇവർക്ക് അവകാശമില്ലാതിരുന്ന കാലം.

പണ്ട് കാലത്ത് പാടത്തു പണിയെടുത്തു വരുമ്പോൾ മണ്ണിൽ കുഴികുത്തി അതിൽ ഇലവച്ചായിരുന്നു ഈ സമുദായത്തിൽ പെട്ടവർക്ക് ഭക്ഷണം നൽകിയിരുന്നത്. പൊതുസ്ഥലങ്ങളിലെല്ലാം ശക്തമായി പ്രവേശനം വിലക്കി. ഇവർ രോഗബാധിതരായാൽ അയിത്തം മൂലം ഡോക്ടർമാർ തൊട്ടുപരിശോധിക്കില്ല. ഗുളികകൾ എറിഞ്ഞുകൊടുത്താണ് ചികിത്സിച്ചിരുന്നത്. ഇവയ്ക്കു പുറമേ ജാതിയുടെ അടയാളമെന്നോണം കല്ലുമാലകൾ കഴുത്തിലണിഞ്ഞു നടക്കാനും അവർ നിർബന്ധിതരായി. കൂടാതെ അരയ്ക്കു മുകളിലും മുട്ടിനുതാഴെയും വസ്ത്രം ധരിക്കാൻ ഈ സമുദായത്തിൽപ്പെട്ടവർക്ക് അവകാശമുണ്ടായിരുന്നില്ല.

എന്നാൽ തൻ്റെ 30ാം വയസിൽ സ്വന്തം സമുദായത്തിൽനിന്നുപോലും ഉയർന്ന എതിർപ്പുകളെ അവ​ഗണിച്ച് അയ്യങ്കാളി ഇതിനെതിരെ പോരാട്ടത്തിനിറങ്ങിതിരിക്കുകയായിരുന്നു. ജന്മികളെ കായികമായി നേരിടാൻ ഒരുകൂട്ടം ചെറുപ്പക്കാർക്ക് പരിശീലനം നൽകി. ഇതിൻ്റെ ഭാ​ഗമായി 1898-99 കാലഘട്ടങ്ങളിൽ തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജന്മികളുമായി അവർ ഏറ്റുമുട്ടി. പലപ്പോഴും ക്രൂരമർദ്ദനം ഏറ്റുവാങ്ങേണ്ടിവന്നെങ്കിലും സമുദായത്തിനുള്ളിൽ അയ്യങ്കാളി ഒരു ആരാധ്യപുരുഷനായി മാറി.

തിരുവിതാംകൂറിൽ കർഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യങ്കാളിയായിരുന്നു. പണിക്കിറങ്ങാതിരുന്ന തൊഴിലാളികളെ കൃഷിഭൂമി തരിശിച്ചാണ് ജന്മികൾ നേരിട്ടത്. എന്നാൽ ദുരിതങ്ങൾ പലത് അനുഭവിച്ചെങ്കിലും തൊഴിലാളികൾ സമരത്തിൽ നിന്ന് പിന്മാറിയില്ല. ഒടുവിൽ 1905 കാലഘട്ടത്തിൽ സമരത്തിന് മുന്നിൽ മുട്ടുകുത്തിയ ജന്മികൾ കർഷകത്തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിച്ചു.

അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന ഐതിഹാസിക പ്രക്ഷോഭമാണ് വില്ലുവണ്ടി സമരം. തിരുവനന്തപുരം വെങ്ങാനൂരിൽ നിന്ന് ബാലരാമപുരം ആറാലുംമൂട് വഴി പുത്തൻകടവ് ചന്തയിലേക്ക് അയ്യങ്കാളി സമര നായകൻ്റെ ആ യാത്ര ഇന്നും പല ഓർമ്മപ്പെടുത്തലാണ്. 1870 ജൂലൈ ഒമ്പതിന് പൊതുവഴിയിലൂടെ ചക്രത്തിൽ ഓടുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നതിന് എല്ലാ വിഭാഗക്കാർക്കും അവകാശം നൽകി. എന്നാൽ ഈ ഉത്തരവ് നടപ്പാക്കാൻ അന്നത്തെ പ്രമാണിമാർ തയ്യാറായില്ല. ഇതേത്തുടർന്നാണ് ഇരട്ടക്കാളകൾ വലിച്ചിരുന്ന അലങ്കരിച്ച വില്ലുവണ്ടിയിൽ തലപ്പാവണിഞ്ഞ് അയ്യങ്കാളി യാത്ര ചെയ്തത്. ഈ യാത്ര പിൽക്കാലത്ത് കേരള ചരിത്രത്തിലെ വില്ലുവണ്ടി സമരം എന്ന പേരിൽ അറിയപ്പെട്ടത്.

അരയ്ക്കുമുകളിൽ മേൽവസ്ത്രം ഉപയോഗിക്കുന്നതിൽനിന്ന് സ്ത്രീകളെ തടഞ്ഞിരുന്ന കാലമാണ് അന്നത്തേത്. ഇതിനെതിരെയും അയ്യങ്കാളി രം​ഗത്തെത്തി. ഇതിൻ്റെ ഭാ​ഗമായി തന്റെ ജാതിയിലുള്ള സ്ത്രീകൾ മുലക്കച്ചയണിഞ്ഞു നടക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. അടിമത്തത്തിന്റെ അടയാളമായി കഴുത്തിൽ കല്ലയും മാലയും കാതിൽ ഇരുമ്പുവളയങ്ങളും ധരിക്കണമെന്നുള്ള ജന്മിമാരുടെ നിർദ്ദേശത്തെ തള്ളിക്കളയാനും അദ്ദേഹം ആഹ്വാനം ചെയ്തു. ഈ നീക്കത്തോടെ പ്രമാണിമാർ താഴ്ന്നജാതിയിലെ സ്ത്രീകൾക്കെതിരെ തിരിയുകയും ചെറുത്തു നിന്നവരുടെ മുലകൾ അറുത്തുകളയുകയും ചെയ്തു.

കൂടാതെ പിതാവിന്റെയും സഹോദരങ്ങളുടെയും മുന്നിലിട്ട് ക്രൂരമായി മർദ്ദിച്ചു. കൊല്ലം ജില്ലയിലെ പെരിനാട്ടായിരുന്നു ഇത്തരത്തിൽ ഏറ്റവും ക്രൂരമായ മർദ്ദനമുറകൾ അരങ്ങേറിയത്. ഇതിനെതിരെ അയ്യങ്കാളിയും സംഘം ശക്തമായാണ് ശബ്ദമുയർത്തിയത്. ഇതിന് പിന്നാലെ പലയിടത്തും ഇവർ തമ്മിൽ ഏറ്റുമുട്ടിലുകൾ നടന്നു. ഒടുവിൽ 1915-ൽ കൊല്ലം പീരങ്കി മൈതാനത്ത് നടന്ന ചരിത്രപ്രസിദ്ധമായ മഹാസഭയിൽവച്ച് ജാതീയതയുടെ അടയാളമായ കഴുത്തിലെ കല്ലയും മാലയും ഉപേക്ഷിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്യ്തു. പിന്നീട് ഈ സമരത്തെ കല്ലുമാല സമരം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.

അയ്യങ്കാളിയുടെ ആദ്യകാല പ്രവർത്തനങ്ങൾ വിദ്യാലയ പ്രവേശന പ്രക്ഷോഭങ്ങളായിരുന്നു. 1904-ൽ വെങ്ങാനൂരിൽ തന്റെ കൂട്ടാളികളുമായി ചേർന്നുകൊണ്ട് ദളിതരുടെ ആദ്യത്തെ പള്ളിക്കൂടം അദ്ദേഹം നിർമ്മിച്ചു. പക്ഷെ അന്നത്തെ സവർണർ അന്നു രാത്രി തന്നെ ആ പള്ളിക്കൂടം തീയിട്ടു. അക്ഷരാഭ്യാസത്തിനുള്ള അവസരനിഷേധം നേരിടാൻ അദ്ദേഹം തെരഞ്ഞടുത്ത വഴിയായിരുന്നു പിൽക്കാലത്തു കാർഷികപണിമുടക്ക് സമരമെന്ന് അറിയപ്പെട്ട കൃഷിഭൂമി തരിശിടൽ സമരം. ഇതിന് പിന്നാലെ 1907 -ൽ പുലയക്കുട്ടികൾക്കു പള്ളിക്കൂടത്തിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഉണ്ടായി. അതിനിടെ നാൽപതു വയസു മുതൽ അയ്യങ്കാളി കാസരോഗബാധിതൻ ആയി. രോഗത്തെ മാനിക്കാതെ അദ്ദേഹം തന്റെ സമുദായത്തിനായി പോരാടി. 1941 ആയപ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായി തുടങ്ങി.1941 ജൂൺ 18-ാം തീയതി ബുധനാഴ്ച അദ്ദേഹം അന്തരിച്ചു.