August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 23, 2026

28-ാമത് സംസ്ഥാന റ്റിറ്റിഐ/പിപിറ്റിറ്റിഐ കലോത്സവം; പത്തനംതിട്ടയിൽ സെപ്റ്റംബർ നാലിന് നടക്കും

SHARE

പത്തനംതിട്ട: 2024-25 അധ്യയന വർഷത്തെ 28-ാമത് സംസ്ഥാന റ്റിറ്റിഐ/പിപിറ്റിറ്റിഐ കലോത്സവം പത്തനംതിട്ട ജില്ലയിലെ ഗവൺമെൻ്റ് ഹൈസ്‌കൂൾ കോഴഞ്ചേരിയിൽ വച്ച് സെപ്റ്റംബർ നാലാം തീയതി നടക്കും. കലോത്സവത്തിൽ 600 ഓളം മത്സരാർത്ഥികളാണ് പങ്കെടുക്കുക. കലോത്സവത്തിന്റെ ലോഗോ ആരോഗ്യ മന്ത്രി വീണാ ജോർജ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ്‌ എസ് ഐഎഎസിന് നൽകി പ്രകാശനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ചടങ്ങിൽ സന്നിഹിതനായിരുന്നു. മത്സര വിഭാഗം ഒന്നിൽ കഥാരചന ,കവിതാരചന, പ്രബന്ധരചന (മലയാളം), ചിത്രരചന (പെൻസിൽ), ചിത്രരചന (ജലഛായം) എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

വിഭാഗം ഒന്നിലെ ഇനങ്ങൾ റവന്യൂ ജില്ലാ തലത്തിൽ നടത്തി അതിൽ ഏറ്റവും സ്‌കോർ ലഭിച്ച രണ്ട് രചനകൾ വീതം തിരഞ്ഞെടുത്ത് സംസ്ഥാനതലത്തിലേക്ക് എത്തിക്കുകയും അവിടെ മൂല്യ നിർണ്ണയം നടത്തി ഏറ്റവും കൂടുതൽ സ്‌കോർ ലഭിക്കുന്ന മൂന്ന് പേർക്ക് സമ്മാനം നൽകുകയും ചെയ്യും. വിഭാഗം രണ്ടിൽ ലളിതഗാനം, മാപ്പിളപ്പാട്ട്, പദ്യം ചൊല്ലൽ (മലയാളം), മോണോ ആക്ട്, പ്രസംഗം (മലയാളം), പ്രഭാഷണം (മലയാളം), സംഘഗാനം (7 പേർ) എന്നിങ്ങനെയുള്ള മത്സരങ്ങൾ ആണ് നടക്കുക.

ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കുന്നതല്ല. ഒരു കുട്ടിക്ക് വ്യക്തിഗത ഇനങ്ങളിൽ പരമാവധി അഞ്ച് ഇനങ്ങളിൽ പങ്കെടുക്കാം. സംസ്ഥാനതല മത്സരത്തിന് ഏറ്റവും സ്‌കോർ നേടുന്ന മൂന്ന് മത്സരാർത്ഥികൾക്ക് 2,000, 1,600, 1,200 എന്ന ക്രമത്തിൽ ക്യാഷ് അവാർഡും മെറിറ്റ് സർട്ടിഫിക്കറ്റും നൽകുന്നതാണ്. സംസ്ഥാന റ്റിറ്റിഐ/പിപിറ്റിറ്റിഐ കലോത്സവത്തെ തുടർന്ന് സെപ്റ്റംബർ അഞ്ചിന് ദേശീയ അദ്ധ്യാപക ദിനാഘോഷ ചടങ്ങുകളും നടക്കുന്നതാണ്. പ്രസ്തുത ചടങ്ങിൽ വച്ച് സംസ്ഥാന അദ്ധ്യാപക അവാർഡും, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡും വിതരണം ചെയ്യും. 2007 വരെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ കൂടെയായിരുന്നു റ്റിറ്റിഐ/പിപിറ്റിറ്റിഐ കലോത്സവം നടന്നിരുന്നത്. എന്നാൽ 2008-09 അധ്യയന വർഷം മുതൽ ദേശീയ അദ്ധ്യാപക ദിനാഘോഷത്തോട് അനുബന്ധിച്ച് നടത്തി വരികയാണ്.