സന്യാസിനി വേഷമണിഞ്ഞ ഹണി റോസിനെ കുന്തീദേവിയായി അഭിനയിച്ച നടിയെ പോലെ തോന്നി എന്നാണ് ഉദ്ദേശിച്ചത് -കോടതിയിൽ ബോബി ചെമ്മണൂർ
1 min read

കണ്ണൂർ ആലക്കോട്ടെ ഉദ്ഘാടന പരിപാടിയിൽ നടി ഹണി റോസിനെ ‘കുന്തീ ദേവി’യോട് ഉപമിച്ചത് കുന്തീദേവിയായി അഭിനയിച്ച നടിയെ പോലെ തോന്നിയത് കൊണ്ടാണെന്ന് കോടതിയിൽ ബോബി ചെമ്മണൂർ. നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെ ഇന്ന് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഈ വാദമുന്നയിച്ചത്.
സന്യാസിനി വേഷമണിഞ്ഞ് പ്രത്യേക രീതിയിലുള്ള ഹെയർ സ്റ്റൈലിലാണ് നടി അന്ന് വന്നത്. നടിയെ താൻ ഉപമിച്ചപ്പോൾ അവർ ചിരിക്കുകയായിരുന്നുവെന്നും ഇതിന്റെ വിഡിയോ ഹാജരാക്കാമെന്നും പ്രതിഭാഗം അറിയിച്ചെങ്കിലും അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുകയും ദൃശ്യങ്ങൾ കാണേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു.
കയറിപ്പിടിച്ചിട്ടില്ലെന്നും കൈ കാണിച്ചപ്പോൾ കൈ പിടിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ബോബി ചെമ്മണൂരിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. നടി തന്നെ ഇതിന്റെറെ ദൃശ്യങ്ങളും ഫോട്ടോകളും ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ടെന്നും ഇപ്പോഴും അവ അവിടെ തന്നെയുണ്ടെന്നും ഇതിന്റെ ലിങ്കുകൾ ഹാജരാക്കി പ്രതിഭാഗം വാദിച്ചു. അന്നൊന്നും അപമാനിച്ചതായി തോന്നാത്ത നടിക്ക് പിന്നീട് എപ്പോഴാണ് ഇത് അപമാനമായി തോന്നിയതെന്നും എന്നിട്ടും ദൃശ്യങ്ങൾ ഫേസ്ബുക്കിൽ നിലനിർത്തിയത് എന്തിനെന്നും പ്രതിഭാഗം ചോദിച്ചു.
മുമ്പും തന്റെ സ്ഥാപനങ്ങളുടെ ചടങ്ങുകളിൽ അതിഥിയായി നടിയെ ക്ഷണിച്ചിട്ടുണ്ടെന്നും ബോബി ചെമ്മണൂർ അറിയിച്ചു. ‘നിരവധി പേർക്ക് ജോലി നൽകുന്ന സംരംഭകനായ താൻ ജയിലിൽ കിടന്നാൽ അത് ആയിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കും. തന്റെ ഫോൺ പൊലീസിന്റെ കസ്റ്റഡിയിലാണ്. ജാമ്യം ലഭിക്കാവുന്ന കേസിൽ അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലായിരുന്നു. അന്വേഷണത്തിന് ആവശ്യമുണ്ടെങ്കിൽ എന്നെ വിളിപ്പിച്ചാൽ മതി’ -പ്രതിഭാഗം അറിയിച്ചു.
സ്ത്രീത്വത്തെ അപമാനിച്ചതിന് ഭാരതീയ ന്യായസംഹിതയിലെ 75-ാം വകുപ്പ്, ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തുന്നതിന് ഐ.ടി ആക്ടിലെ 67-ാം വകുപ്പ് എന്നിവ പ്രകാരമാണ് ബോബി ചെമ്മണൂരിനെതിരെ കേസെടുത്തത്. അഭിഭാഷകനായ ബി. രാമൻ പിള്ളയുടെ രാമൻപിള്ള അസോഷ്യേറ്റ്സാണ് പ്രതിക്ക് വേണ്ടി ഹാജരായത്. ബോബിയുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നുണ്ട്.
താൻ കുറ്റം ചെയ്‌തിട്ടില്ലെന്നും പരാമർശങ്ങൾ ദുരുദ്ദേശ്യപരമായിരുന്നില്ലെന്നും പൊലീസിന്റെ ചോദ്യം ചെയ്യലിൽ ബോബി പറഞ്ഞു. അഭിമുഖങ്ങളിലടക്കം പങ്കുവച്ചത് പുരാണത്തിലെ കാര്യങ്ങളാണെന്നും അശ്ലീല പദപ്രയോഗങ്ങളെന്നതു തെറ്റിദ്ധാരണ മാത്രമെന്നും പൊലീസിനോടു പറഞ്ഞു. ബോബി ചെമ്മണൂരിൽ നിന്ന് കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോണും പൊലീസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
