തസ്ലീമയെ 6 വർഷമായി പരിചയം, പണം നൽകിയത് ഭക്ഷണം കഴിക്കാനും മറ്റും; പ്രൊഡക്ഷൻ കൺട്രോളർ ജോഷി
1 min read

ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യലിന് പിന്നാലെ പ്രതികരണവുമായി പ്രൊഡക്ഷൻ കൺട്രോളർ ജോഷി. കേസിലെ പ്രതി തസ്ലീമയെ ആറ് വർഷമായി പരിചയമുണ്ടെന്നും എന്നാൽ ലഹരി ഇടപാടുകൾ ഇല്ലെന്നും ജോഷി പറഞ്ഞു. പലപ്പോഴും ഭക്ഷണം കഴിക്കാനും മറ്റുമായി ചെറിയ തുകകൾ ആവശ്യപ്പെട്ട സമയത്ത് നൽകിയിട്ടുണ്ട്, എന്നാൽ ലഹരി ഇടപാടുകൾക്ക് പണം നൽകിയിട്ടില്ല. തന്നെ വിളിച്ചുവരുത്തിയത് സാമ്പത്തിക ഇടപാടുകളെ കുറിച്ച് വ്യക്തത വരുത്താനാണെന്നും നിലവിൽ ചോദ്യം ചെയ്യലിന് വിളിപ്പിച്ച നടന്മാരെയും തനിക്കറിയാമെന്നും ജോഷി പറഞ്ഞു. എന്നാൽ ചോദ്യം ചെയ്യലിന് വിളിപ്പിച്ച മോഡൽ സൗമ്യയെ തനിക്കറിയില്ലെന്നും ജോഷി വ്യക്തമാക്കി.കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡൽ സൗമ്യ എന്നിവരെ കഴിഞ്ഞ ദിവസം എക്സൈസ് ചോദ്യം ചെയ്തിരുന്നു. ജോഷിയെ ഇന്നാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരുമായുള്ള ബന്ധമെന്താണെന്നാണ് എക്സൈസ് ചോദിച്ചതെന്ന് ചോദ്യം ചെയ്യലിന് പിന്നാലെ സൗമ്യ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.താരങ്ങളുമായി സൗഹൃദം മാത്രമാണ് ഉള്ളതെന്നും ഹൈബ്രിഡ് കഞ്ചാവ് കേസിലെ മുഖ്യപ്രതി തസ്ലീമ സുൽത്താനയും സുഹൃത്തായിരുന്നുവെന്നും സൗമ്യ പ്രതികരിച്ചു. എന്നാൽ തസ്ലീമയുമായി ഉള്ളത് പരിചയം മാത്രമാണെന്നും സാമ്പത്തിക ഇടപാടുകളില്ലെന്നും സൗമ്യ പറഞ്ഞിരുന്നു.അതേസമയം സൗമ്യയുടെ ലഹരി ഇടപാടിന്റെ തെളിവുകൾ ലഭിച്ചെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. തസ്ലീമയുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ പ്രധാന തെളിവായി ലഭിച്ചിട്ടുണ്ടെന്നും വിവരമുണ്ട്. നടൻ ഷൈൻ ടോം ചാക്കോയുമായി പണമിടപാട് ഉണ്ടെന്ന് സൗമ്യ സ്ഥിരീകരിച്ചെന്നും അക്കൗണ്ട് ട്രാൻസാക്ഷൻ വിവരങ്ങളും എക്സൈസിന് ലഭിച്ചിട്ടുണ്ടെന്നുമുള്ള വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്.എന്നാൽ തസ്ലീമയുമായി ലഹരി ഇടപാടുകൾ ഇല്ലെന്ന് സൗമ്യ നൽകിയ മൊഴി എക്സൈസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്നാണ് ഷൈൻ ടോം ചാക്കോ നൽകിയ മൊഴി. മെത്താംഫിറ്റമിൻ ആണ് ഉപയോഗിച്ചിട്ടുള്ളതെന്ന് ഷൈൻ എക്സൈസിനോട് പറഞ്ഞിരുന്നു. ലഹരി വിമുക്തിക്കായി ഷൂട്ട് വരെ മാറ്റി വെച്ച് ഡി അഡിക്ഷൻ സെന്ററിൽ ആണ് താനെന്നും ഷൈൻ പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ഷൈൻ ടോം ചാക്കോയെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി.ഷൈൻ ആവശ്യപ്പെട്ടിട്ടാണ് ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റിയത്. തൊടുപുഴ പൈങ്കുളത്തുള്ള സേക്രഡ് ഹാർട്ട് സെന്ററിലേക്കാണ് ഷൈനിനെ മാറ്റിയത്. ബന്ധുക്കളോട് കൂടിയാലോചിച്ചായിരുന്നു തീരുമാനം. എക്സൈസിന്റെ നിരീക്ഷണത്തിലായിരിക്കും ഷൈൻ ഉണ്ടാവുക. സ്വയം സന്നദ്ധനായി ചികിത്സ പൂർത്തിയാക്കിയാൽ എൻഡിപിഎസ് കേസിൽ ഇളവ് ലഭിക്കുന്നതായിരിക്കും.
