പൂവാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മര്‍ദിച്ചു

1 min read
SHARE

തിരുവനന്തപുരം പൂവാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മര്‍ദിച്ചു. പൂവാര്‍, അരുമാനൂര്‍ സ്വദേശി അച്ചുവിനാണ് മര്‍ദനമേറ്റത്. ബൈക്കിലെത്തിയ മൂന്ന് പേരടങ്ങിയ കോണ്‍ഗ്രസ് സംഘമാണ് മര്‍ദനത്തിന് പിന്നില്‍. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മജു സാമിന്റെ ഷട്ടില്‍ കോര്‍ട്ടില്‍ കെട്ടിയിട്ടാണ് യുവാവിനെ മര്‍ദിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ബൈക്കിലെത്തിയ മൂന്നു പേരടങ്ങിയ കോണ്‍ഗ്രസ് സംഘം 22 വയസുകാരനായ അച്ചുവിനെ വീട്ടില്‍ നിന്ന് ബൈക്കില്‍ തട്ടിക്കൊണ്ടു പോയത്. കോണ്‍ഗ്രസ് പൂവാര്‍ മണ്ഡലം പ്രസിഡന്റ് മജു സാമിന്റെ തൊട്ടടുത്തുള്ള ഷട്ടില്‍ കോര്‍ട്ടില്‍ എത്തിയിച്ച് അച്ചുവിനെ കെട്ടിയിട്ട് മര്‍ദിച്ചു.

യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ മോനു ജി എല്‍ ദാസ്, ദേവന്‍ എന്ന സോനിഷ്, ജിത്തു എന്നിവരാണ് പ്രതികള്‍. യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച ശേഷം പ്രതികള്‍ രക്ഷപ്പെട്ടു.
പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് 9 മണിയോടെ ഷട്ടില്‍ കോര്‍ട്ടില്‍ അച്ചുവിനെ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ നെയാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് എത്തിച്ചു. പൊലീസ് എത്തി യുവാവിന്റെ മൊഴി രേഖപ്പെടുത്തി. രക്ഷപെട്ട പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടരുകയാണ്. പ്രതികളായ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മണല്‍ മാഫിയയുമായി ബന്ധമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.