സുന്ദര നീലനിശീഥിനിയിൽ…’; മലയാളികൾക്കായി ഒരു ക്രിസ്മസ് ഗാനം
1 min readആടിയും പാടിയും ക്രിസ്മസിനെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ് എല്ലാവരും.
പണ്ടെപ്പോഴോ ഹൃദയത്താളിൽ കോറിയിട്ട ചില വരികളും സംഗീതവും ഓരോ ഡിസംബർ പിറക്കുമ്പോഴും നാമറിയാതെ തന്നെ ചുണ്ടുകളിലേക്കെത്തുന്നു. മൂളി നടക്കാനും താളം പിടിപ്പിക്കാനും ആഘോഷങ്ങളുടെ അകമ്പടിയായി എത്തുന്ന ക്രിസ്മസ് പാട്ടുകളെ എന്നും കൂടെക്കൂട്ടുന്നുണ്ട് ആസ്വാദകർ. അതിനൊപ്പം ചേർത്തുവയ്ക്കാൻ പുതിയൊരു ഗാനവും കൂടി ‘സുന്ദര നീലനിശീഥിനിയിൽ’.ശാസ്ത്രീയ സംഗീത ശൈലിയിൽ ചിട്ടപ്പെടുത്തിയ ക്രിസ്മസ് ഗാനമാണ് ‘സുന്ദര നീലനിശീഥിനിയിൽ’. സന്തോഷ് ജോർജ് ജോസഫ് രചിച്ച് ഈണം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായിക ശുഭ രഘുനാഥാണ്. അഞ്ച് തവണ സംഗീതനാടക അക്കാദമിയുടെ പുരസ്ക്കാരം ലഭിച്ച ഗായികയാണ് ശുഭ. മനോഹരമായ വരികളും അതുല്യമായ സംഗീതവും, സുന്ദരമായ ആലാപനവും കൊണ്ട് ശ്രദ്ധേയമാണ് ഈ ഗാനം.
പരമ്പരാഗതമായ ക്രിസ്മസ് ബിംബങ്ങൾ കൊണ്ടുതന്നെ മനുഷ്യനും പ്രകൃതിയും ദൈവവും ഒന്നായ് ചേരുന്ന, ക്രിസ്തീയ ദർശനത്തെ ഗാനത്തിൻ്റെ പല്ലവിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഒന്നാം ചരണത്തിൽ ഭൂമിയെ വീണ്ടു കൊൾവാനുള്ള ജീവകണങ്ങളുടെ അണിചേരലാണ് ക്രിസ്മസെന്നും രണ്ടാം ചരണത്തിൽ തിന്മയുടെ സൈന്യത്തോട് പോരാടുവാനുള്ള സമർപ്പണമാണ് ക്രിസ്മസിന്റെ അന്തസത്തയെന്നും അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു.ഗാനത്തിന് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത് ബാബു ജോസാണ്. ഛായാഗ്രഹണവും ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നത് 7ഫോക്കസ് വിശാഖാണ്. തിരുവനന്തപുരം എസ്. എസ്. ഡിജിറ്റൽ സ്റ്റുഡിയോയിൽ റെക്കാർഡ് ചെയ്ത ഗാനം റിലീസ് ചെയ്തിരിക്കുന്നത് റസൺസ് മ്യൂസികാണ്.
നെടുമങ്ങാട് പഴകുറ്റി, ഉളിയൂർ, നഗരികുന്ന്, പാറേങ്കോണം തറവാട്ടുവീട് എന്നിവിടങ്ങളാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. പാറേങ്കോണം തറവാട് സന്തോഷിന്റെ സുഹൃത്ത് ഡോ. ബി. ബാലചന്ദ്രന്റെ ഭാര്യ ശൈലജയുടെ അമ്മൂമ്മ രുക്മിണിയമ്മ വെച്ചതാണ്. ഇപ്പോൾ മൂന്നാം തലമുറക്കാരനായ എസ്. അനിൽകുമാറാണ് വീടിൻ്റെ ഉടമ. ഈ വീട്ടിലെ കാരണവത്തിയായ ഗായികയുടെയും അതിഥികളായെത്തുന്ന അമ്മയുടെയും കുഞ്ഞിന്റെയും അവരുടെ തോഴരായ കുട്ടികളടെയും ഒത്തു ചേരലാണ് ഗാനത്തിന്റെ ദൃശ്യപശ്ചാത്തലം.