ഏത് ലോകത്തിലേക്ക് മറഞ്ഞാലും മലയാളികളുടെ മനസിൽ മായില്ല ആ നിഷ്‌കളങ്ക മുഖം, ചിരികൾ ബാക്കിവെച്ച ഇന്നസെന്റ്
1 min read

പേര് അന്വർത്ഥമാക്കും വിധം ഒരു മനുഷ്യൻ, ജീവിതാനുഭവങ്ങളെ നർമത്തിലൂടെ അവതരിപ്പിച്ച മനുഷ്യസ്നേഹി,വേദനകളെ പുഞ്ചിരിയോടെ നേരിട്ട മാതൃക, ജീവിക്കുകയാണോ അഭിനയിക്കുകയാണോ എന്ന് തോന്നിപ്പിക്കും വിധം അമ്പരിപ്പിക്കുന്ന പ്രകടനങ്ങൾ കാഴ്ച വെച്ച അതുല്യ പ്രതിഭ, ‘ഇന്നസെന്റ്’ അതിലെല്ലാമുണ്ട്. അതായിരുന്നു മലയാളികൾക്ക് ഇന്നസെന്റ്. നിഷ്‍കളങ്കതയുടെ ആ മുഖം ഓർമയായിട്ട് ഇന്നേക്ക് ഒരു വർഷം. മലയാളികൾക്ക് ചിരിയും ചിന്തയുമായിരുന്നു ഇന്നസെന്റ്. കഥകൾ ഏറെയുണ്ടായിരുന്നു ഇന്നസെന്റിന് പറയാൻ. അതെല്ലാം തന്റെ ജീവിതത്തിലൂടെ സമ്പാദിച്ച അനുഭവകഥകൾ. കേട്ടിരിക്കുന്നവർക്ക് ഒരിക്കലും മറക്കാൻ കഴിയില്ലായിരുന്നു ഇന്നസെന്റ് പറഞ്ഞ കഥകളും ഇന്നസെന്റിനെയും. കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ അയാൾ ഇന്നസെന്റ് ആയിരുന്നു. വ്യക്തിപരമായി അടുപ്പമുള്ളവർക്ക് ഇന്നച്ചനും . പരിചയപ്പെട്ടാൽ ഒരിക്കലും ആ മുഖവും നിഷ്‍കളങ്കതയുടെ ആ ചിരിയും മറക്കില്ല. അതാണ് ഇരിങ്ങാലക്കുടയുടെ പ്രിയപ്പെട്ട ഇന്നസെന്റ്.നടൻ എന്ന നിലയിലും മറിച്ചൊന്നുമായിരുന്നില്ല ഇന്നസെന്റ്. കഥാപാത്രങ്ങളെ ആവാഹിച്ച് അഭിനയത്തിന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ഇന്നസെന്റ് നടനെന്ന നിലയിൽ എല്ലാകാലത്തും വിജയമായിരുന്നു. ഹാസ്യനടൻ എന്ന പദവി മാത്രമല്ല സീരിയസ് കഥാപാത്രങ്ങളും ഇന്നസെന്റിൽ ഭദ്രമായിരുന്നു. അടിച്ചുമോനെ, വാഴയാണെങ്കിലെന്താ വാ തുറന്നു പറഞ്ഞൂടെ, പുറപ്പെട്ടൂ, വേണമെങ്കില്‍ ഒരു മണിക്കൂര്‍ മുന്‍പേ പുറപ്പെടാം, മദ്യവിമുക്തമായ കിനാശേരി, മ…മ…മത്തങ്ങാത്തലയാ, ഇതല്ല ഇതിനപ്പുറവും ചാടിക്കടന്നവനാണീ കെ കെ ജോസഫ്, തോന്നയ്ക്കല്‍ പഞ്ചായത്തിലെ അരിമണി എന്ന് വേണ്ട ഇന്നസെന്റിന്റെ ഡയലോഗുകളിൽ ഒരെണ്ണമെങ്കിലും ദിവസം പറയാത്ത മലയാളികൾ ഇല്ല. അതായിരുന്നു ഇന്നസെന്റും അദ്ദേഹത്തിന്റെ ഡയലോഗുകളും മലയാളികൾക്ക് ഇടയിൽ ഉണ്ടാക്കിയ ഓളം. ഓർമയുടെ യവനികയിലേക്ക് അദ്ദേഹം യാത്രയായെങ്കിലും ഇന്നും ഇന്നസെന്റ് ജീവൻ കൊടുത്ത കഥാപാത്രങ്ങൾ നിറഞ്ഞാടുകയാണ്. കിട്ടുണ്ണിയും മത്തായിച്ചനും പോഞ്ഞിക്കരയും കെ കെ ജോസഫും , ഉണ്ണിത്താനും സ്വാമിനാഥനും തുടങ്ങി ഇന്നസെന്റ് ജീവൻ വെപ്പിച്ച കഥാപാത്രങ്ങൾ അനവധി. രാഷ്ട്രീയത്തിൽ ചുവടു വെച്ചപ്പോഴും ഇന്നസെന്റിനു അടിപതറിയില്ല. കറകളഞ്ഞ രാഷ്ട്രീയ വ്യക്തിത്വത്തിന്റെ മുഖമായ ഇന്നസെന്റിനു ലഭിച്ച ജനപിന്തുണയും അംഗീകാരവും അതിവേഗത്തിലായിരുന്നു. രോഗത്തിന് പോലും ഇന്നസെന്റിന്റെ പുഞ്ചിരിക്ക് മുന്നിൽ പലപ്പോഴും തോറ്റുമടങ്ങേണ്ടി വന്നിട്ടുണ്ട്. കഥാപാത്രങ്ങളിൽ അല്ലാതെ സങ്കടപ്പെട്ട മുഖം ഇന്നസെന്റിൽ കണ്ടിട്ടേയില്ല. വിഷമങ്ങളിൽ മുന്നിൽ പതറാൻ ഇന്നസെന്റിന്റെ ഇച്ഛാശക്തി ഒരുക്കമല്ലായിരുന്നു. ജീവിതം പഠിപ്പിച്ച പാഠങ്ങൾ ഇന്നസെന്റിന്റെ എഴുത്തുകളിലൂടെ ലോകം വായിച്ചറിഞ്ഞു. ചിരിയും ചിന്തയും അതിൽ നിറഞ്ഞ് നിന്നു. ഏത് ചിരിയുടെ മാന്ത്രിക ലോകത്തിലേക്ക് താങ്കൾ മറഞ്ഞാലും മലയാളികളുടെ മനസിൽ താങ്കളുടെ കഥാപാത്രങ്ങൾക്കും കഥകൾക്കും എന്നും ജീവനുണ്ടായിരിക്കും. ഒരായുസ് മുഴുവൻ ചിരിക്കാൻ ബാക്കിവെച്ചാണ് ഒടുവിൽ ഇന്നസെന്റെ യാത്രയായത്.
