September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 18, 2026

അന്താരാഷ്ട്ര പുഷ്‌പോത്സവം: ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന് 72.76 ലക്ഷം നഷ്ടം.

SHARE

 

കല്‍പ്പറ്റ: കേരള കാര്‍ഷിക സര്‍വകലാശാല അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഈ വര്‍ഷം സംഘടിപ്പിച്ച അന്താരാഷ്ട്ര പുഷ്‌പോത്സവത്തിന്റെ(പൂപ്പൊലി-2026)നടത്തിപ്പ് ഏറ്റെടുത്ത കോഴിക്കോട് ജെ.കെ. അമ്യൂസ്‌മെന്റിന് കൈ പൊള്ളി. കാര്‍ഷിക സര്‍വകലാശാലാ അധികൃതര്‍ നേരേചൊവ്വേ കാര്യങ്ങള്‍ കൈകാര്യം ചെയ്യാതിരുന്നതുമൂലം ജെ.കെ. അമ്യൂസ്‌മെന്റിനുണ്ടായത് 62.76 ലക്ഷം രൂപയുടെ നഷ്ടം. കിടപ്പാടം വരെ പണയത്തിലാണെന്നും നഷ്ടം നികത്തിക്കിട്ടാത്തപക്ഷം ജീവിതം പ്രതിസന്ധിയിലാകുമെന്നും സ്ഥാപന ഉടമ എ. ഷാഫി പറഞ്ഞു.
18 ശതമാനം നികുതി ഉള്‍പ്പെടെ 3,10,72,940 രൂപയ്ക്കാണ് ജെ.കെ. അമ്യൂസ്‌മെന്റ് പൂപ്പൊലി നടത്തിപ്പ് ഏറ്റെടുത്തത്. ജനുവരി ഒന്നു മുതല്‍ 15 വരെയായിരുന്നു പുഷ്‌പോത്സവം. ടെന്‍ഡര്‍ ഉറപ്പിച്ചതുമുതല്‍ പുഷ്‌പോത്സവം അവസാനിക്കുന്നതുവരെ സര്‍വകാശാല അധികൃതരില്‍നിന്നു തിക്താനുഭവങ്ങളാണ് ഉണ്ടായതെന്ന് ഷാഫി പറയുന്നു.

ടെന്‍ഡര്‍ തുകയുടെ 0.1 ശതമാനം വരുന്ന സംഖ്യയുടെ മുദ്രപ്പത്രം ഗവേഷണകേന്ദ്രം മേധാവിയുടെ പേരില്‍ വാങ്ങി കരാര്‍ വയ്ക്കണമെന്നു സര്‍വകലാശാല അധികൃതര്‍ ഷാഫിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ടെന്‍ഡര്‍ അംഗീകരിച്ചതായി അറിയിക്കുന്ന കത്തിലായിരുന്നു നിര്‍ദേശം. ഇതനുസരിച്ച് 26,350 രൂപയുടെ മുദ്രപ്പത്രം വാങ്ങി ഗവേഷണകേന്ദ്രം മുഖേന സര്‍വകാശാല ആസ്ഥാനത്തേക്ക് അയച്ചെങ്കിലും എഗ്രിമെന്റ് ഒപ്പിടാതെ തിരിച്ചയയ്ക്കുകയാണ് ചെയ്തത്. പിന്നീട് വാങ്ങിപ്പിച്ച 500 രൂപയുടെ മുദ്രപ്പത്രത്തിലാണ് എഗ്രിമെന്റ് വച്ചത്. ഷാഫിയുടെ ഉത്തരവാദിത്വത്തില്‍ ഉണ്ടായിരുന്ന സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ടുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ എന്നിവ ഏറ്റെടുത്ത് നടത്താന്‍ വന്നവരില്‍ പലരും എഗ്രിമെന്റ് 500 രൂപ പത്രത്തിലായതിനാല്‍ ഒഴിവായി. 2025ല്‍ 60 ലക്ഷം രൂപ വാടകയ്ക്ക് നല്‍കിയ ഫുഡ് കോര്‍ട്ടുകള്‍ ഈ വര്‍ഷം 15 ലക്ഷം രൂപയ്ക്ക് കൊടുക്കേണ്ടിവന്നു. മണ്ഡപം എന്ന് പേരിട്ട സ്‌പെഷല്‍ ഫുഡ് കോര്‍ട്ട് ഏറ്റെടുക്കാന്‍ ആരും തയാറാകാതിരുന്നതിനാല്‍ 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.

അസല്‍ എഗ്രിമെന്റിന്റെ അഭാവത്തില്‍ 30 പേര്‍ സ്റ്റാളുകള്‍ ഏറ്റെടുക്കാതെ പിന്‍മാറിയതുമൂലം 12 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. അമ്യൂസ്‌മെന്റ് പാര്‍ക്ക് ഇടപാടില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എട്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ടെന്‍ഡര്‍ അംഗീകരിച്ചുകൊണ്ടുള്ള കത്ത് പ്രകാരം താന്‍ കാര്യങ്ങള്‍ നടത്തുകയും അതനുസരിച്ച് സര്‍വകലാശാല അധികൃതര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാതിരിക്കുകയും ചെയ്തതാണ് കനത്ത നഷ്ടത്തിന് കാരണമായതെന്ന് ഷാഫി പറയുന്നു. ഇതുമായി ബന്ധപ്പെട്ട് സര്‍വകലശാലയിലെ ഉത്തരവദപ്പെട്ട ഉദ്യോഗസ്ഥയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല.

ടെന്‍ഡര്‍ തുറക്കുന്ന ദിവസം നിരതദ്രവ്യമായി അര ലക്ഷം രൂപയുടെ ഡിഡി ഗവേഷണകേന്ദ്രം മേധാവിയുടെ പേരില്‍ എടുത്ത് കൈമാറിയിരുന്നു. മേള അവസാനിച്ച് രണ്ടര മാസം കഴിഞ്ഞിട്ടും ഈ തുക തിരികെ ലഭിച്ചില്ല. ഇത്തരത്തില്‍ ഡിഡി ഓഫീസിലോ അക്കൗണ്ടിലോ എത്തിയില്ലെന്നാണ് ഗവേഷണ കേന്ദ്രം അധികൃതര്‍ പറയുന്നത്.
നഷ്ടം വകവച്ചുകിട്ടുന്നതിന് കൃഷി മന്ത്രിയെയും സര്‍വകലാശാലാ മേധാവിയെയും നേരില്‍ക്കണ്ട് അപേക്ഷ നല്‍കാനുള്ള ഒരുക്കത്തിലാണ് ഷാഫി.