March 2025
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
March 21, 2025

കൈത്തറിയുടെ വിപണി സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തണം: മന്ത്രി കെ എൻ ബാലഗോപാൽ

1 min read
SHARE
കൈത്തറി വസ്ത്രങ്ങൾ ഏറ്റവും നല്ല ഗുണമേന്മയിൽ, നല്ല ഫാഷനിൽ നൽകിയാൽ മികച്ച വിപണി മൂല്യം ഉണ്ടെന്നും അതിന്റെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തണമെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കണ്ണൂർ ജില്ലാ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ കൈത്തറി സംഘങ്ങൾക്ക് 35 ലക്ഷം രൂപയുടെ നൂലിനുള്ള സബ്‌സിഡി നൽകുന്ന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 35 കൈത്തറി സംഘങ്ങൾക്ക് ഒരു ലക്ഷം രൂപ വീതമാണ് പദ്ധതി പ്രകാരം നൽകുന്നത്.
പരിസ്ഥിതി സൗഹൃദ തുണിത്തരങ്ങൾക്ക് വലിയ ഡിമാൻഡ് ഇപ്പോഴുണ്ട്. കൈത്തറിക്കുള്ള ഡിമാൻഡിന് അനുസരിച്ച് ഉത്പന്നങ്ങൾ മാർക്കറ്റിംഗിലേക്ക് എത്തിക്കാൻ കഴിയണം. കണ്ണൂരിന്റെ കൈത്തറി തുണികൾ എക്‌സ്‌പോർട്ട് ക്വാളിറ്റി ഉള്ളതാണ്. കണ്ണൂർ കൈത്തറി മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
കൈത്തറി യൂനിഫോമിനായി വലിയ തുകയാണ് സംസ്ഥാനത്താകെ ചെലവഴിക്കുന്നത്. അത് കൈത്തറി മേഖലയിലേക്ക് പോവുന്നുണ്ട്. അത് വലിയ കുടിശ്ശികയില്ലാതെ നടക്കുന്നുണ്ട്. ആവശ്യത്തിന് കൈത്തറി കിട്ടിയില്ലെന്നാണ് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. കൈത്തറി തൊഴിൽ സംരക്ഷിക്കുന്നതിന് പ്രത്യേക ഇടപെടൽ കൂടി സർക്കാർ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കൈത്തറി സംഘങ്ങൾക്ക് നൂൽ നൽകിയാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.
ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് പി പി ദിവ്യ അധ്യക്ഷയായി. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ വിശിഷ്ടാതിഥിയായി. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ എസ് ഷിറാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷരായ യു പി ശോഭ, അഡ്വ. ടി സരള, കേരള സംസ്ഥാന കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ അരക്കൻ ബാലൻ, ജില്ലാ പഞ്ചായത്തംഗം എം രാഘവൻ, കേരള സംസ്ഥാന ഹാൻഡ്‌ലൂം വീവേഴ്‌സ് കോ ഓപറേറ്റീവ് സൊസൈറ്റി പ്രസിഡൻറ് കെ മനോഹരൻ, കൈത്തറി നെയ്ത്ത് തൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി താവം ബാലകൃഷ്ണൻ, ജില്ലാ നാഷനൽ ഹാൻഡ്‌ലൂം ലേബർ യൂനിയൻ ജനറൽ സെക്രട്ടറി ടി ശങ്കരൻ, ജില്ലാ വീവേഴ്‌സ് സൊസൈറ്റീസ് അസോസിയേഷൻ പ്രസിഡൻറ് ടി വി രവി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുല്ലത്തീഫ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ പി വി രവീന്ദ്രകുമാർ എന്നിവർ സംസാരിച്ചു.