May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 21, 2025

കെസിഎ – എൻ.എസ്.കെ ട്വൻ്റി 20: പൂൾ ബിയിൽ പാലക്കാടിനും തിരുവനന്തപുരത്തിനും വിജയം

1 min read
SHARE

 

തിരുവനന്തപുരം : കെസിഎ – എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ പാലക്കാടിനും തിരുവനന്തപുരത്തിനും വിജയം. പാലക്കാട് പത്തനംതിട്ടയെ അഞ്ച് വിക്കറ്റിനാണ് തോല്പിച്ചത്. തിരുവനന്തപുരം കണ്ണൂരിനെ 34 റൺസിനും തോല്പിച്ചു.

ക്യാപ്റ്റൻ സച്ചിൻ സുരേഷിൻ്റെ തകർപ്പൻ സെഞ്ച്വറിയാണ് പത്തനംതിട്ടയ്ക്കെതിരെ പാലക്കാടിന് അനായാസ വിജയമൊരുക്കിയത്. 188 റൺസെന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ പാലക്കാട് 22 പന്തുകൾ ബാക്കി നില്ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. സച്ചിൻ സുരേഷും വിഷ്ണു മേനോനും ചേർന്നുള്ള ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടിൽ 79 റൺസ് പിറന്നു. 26 റൺസെടുത്ത വിഷ്ണു പുറത്തായെങ്കിലും ഉജ്ജ്വല ഫോമിൽ ബാറ്റിങ് തുടർന്ന സച്ചിൻ സുരേഷ് 52 പന്തുകളിൽ 131 റൺസ് നേടി. ഏഴ് ഫോറുകളും 13 സിക്സും അടങ്ങുന്നതായിരുന്നു സച്ചിൻ്റെ ഇന്നിങ്സ്. പത്തനംതിട്ടയ്ക്ക് വേണ്ടി അനൂപ് ജി മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത പത്തനംതിട്ട 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 187 റൺസെടുത്തത്. 20 പന്തുകളിൽ 42 റൺസുമായി മികച്ച തുടക്കം നല്കിയ എസ് സുബിനാണ് പത്തനംതിട്ടയുടെ ടോപ് സ്കോറർ. 26 റൺസെടുത്ത സോനു ജേക്കബ്ബും 30 റൺസെടുത്ത ആൽഫി ഫ്രാൻസസും 27 റൺസെടുത്ത മനു മോഹനനും പത്തനംതിട്ടയ്ക്കായി തിളങ്ങി. പാലക്കാടിനായി അക്ഷയ് ടി കെ രണ്ട് വിക്കറ്റ് വീഴ്ത്തി. സെഞ്ച്വറി നേടിയ സച്ചിൻ സുരേഷ് ആണ് പ്ലെയർ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്.

രണ്ടാം മല്സരത്തിൽ, കണ്ണൂരിനെതിരെ ആദ്യം ബാറ്റ് ചെയ്ത തിരുവനന്തപുരം 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 213 റൺസെടുത്തു. അഭിഷേക് നായരും ഷോൺ റോജറും ചേർന്നുള്ള 165 റൺസിൻ്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് തിരുവനന്തപുരത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. അഭിഷേക് നായർ 116ഉം ഷോൺ റോജർ 79ഉം റൺസ് നേടി. വെറും 62 പന്തുകളിൽ നാല് ഫോറും പത്ത് സിക്സും അടക്കമാണ് അഭിഷേക് 116 റൺസ് നേടിയത്. കണ്ണൂരിന് വേണ്ടി മുഹമ്മദ് നസീൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കണ്ണൂരിന് മഴയെ തുടർന്ന് വിജെഡി നിയമപ്രകാരം 19 ഓവറിൽ 204 റൺസായി വിജയലക്ഷ്യം പുതുക്കി നിശ്ചയിച്ചു. എന്നാൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് മാത്രമാണ് അവർക്ക് നേടാനായത്. 33 പന്തുകളിൽ 50 റൺസെടുത്ത ശ്രീരൂപും 23 പന്തുകളിൽ 51 റൺസെടുത്ത അർജുൻ സുരേഷ് നമ്പ്യാരും മാത്രമാണ് കണ്ണൂർ ബാറ്റിങ് നിരയിൽ മികച്ച പ്രകടനം കാഴ്ചവച്ചത്. ഒമർ അബൂബക്കർ 13 പന്തുകളിൽ 23 റൺസെടുത്തു. തിരുവനന്തപുരത്തിന് വേണ്ടി ഫാസിൽ ഫാനൂസ് മൂന്നും വിജയ് വിശ്വനാഥ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. തിരുവനന്തപുരത്തിന് വേണ്ടി സെഞ്ച്വറി നേടിയ അഭിഷേക് നായരാണ് കളിയിലെ താരം