കേരള സ്‌കൂള്‍ കലോത്സവം ജനുവരി ആദ്യവാരം തിരുവനന്തപുരത്ത്

1 min read
SHARE

അറുപത്തി മൂന്നാം കേരള സ്‌കൂള്‍ കലോത്സവം 2024 ഡിസംബര്‍ 3 മുതല്‍ 7 വരെ തിരുവനന്തപുരം ജില്ലയില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ 2024 ഡിസംബര്‍ 4ന് ദേശീയ അടിസ്ഥാനത്തില്‍ നാഷണല്‍ അച്ചീവ്മെന്റ് സര്‍വ്വെ പരീക്ഷ നടത്താന്‍ തീരുമാനിച്ച വിവരം കേന്ദ്ര സ്‌കൂള്‍ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് സര്‍ക്കുലര്‍ പ്രകാരം അറിയിച്ചിട്ടുണ്ട്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്ന് ഒമ്പതാം ക്ലാസിലെ കുട്ടികളും നാസ് പരീക്ഷയില്‍ പങ്കെടുക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് കലോത്സവത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരിക്കുന്ന സാഹചര്യം ഉണ്ടാകും. ഡിസംബര്‍ മാസത്തില്‍ 12 മുതല്‍ 20 വരെ രണ്ടാം പാദ വാര്‍ഷിക പരീക്ഷ നടക്കുന്നതിനാലും 21 മുതല്‍ 29 വരെ ക്രിസ്തുമസ് അവധി ആയിരിക്കുന്നതിനാലും കേരള സ്‌കൂള്‍ കലോത്സവം നേരത്തെ നിശ്ചയിച്ച തീയതിയില്‍ നടത്താന്‍ ആകാത്ത സാഹചര്യമുണ്ട്. അതുകൊണ്ട് ജനുവരി ആദ്യവാരം തിരുവനന്തപുരത്ത് കലോത്സവം സംഘടിപ്പിക്കും. കൃത്യമായ തീയതി പിന്നീട് അറിയിക്കും. 2025 ജനുവരിയിലേക്ക് കലോത്സവം മാറ്റിയ സാഹചര്യത്തില്‍ സ്‌കൂള്‍, ഉപജില്ലാ, ജില്ലാ കലോത്സവങ്ങള്‍, ഇനി പറയും പ്രകാരം ക്രമീകരിക്കും.
സ്‌കൂള്‍തലം : ഒക്ടോബര്‍ 15 നകം പൂര്‍ത്തീകരിക്കും.
സബ്ജില്ലാതലം : നവംബര്‍ 10 നകം
ജില്ലാതലം : ഡിസംബര്‍ 3 നകം പൂര്‍ത്തീകരിക്കും

കേരള സ്‌കൂള്‍ കലോത്സവ മാനുവലില്‍ ഭേദഗതികള്‍ ഉള്‍പ്പെടുത്തി സമഗ്രമായി പരിഷ്‌കരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
തദ്ദേശീയ നൃത്ത രൂപങ്ങളായ മംഗലംകളി, പണിയനൃത്തം, മലപ്പുലയ ആട്ടം, ഇരുള നൃത്തം, പളിയനൃത്തം, എന്നീ അഞ്ചിനങ്ങള്‍ കൂടി കലോത്സവത്തില്‍ ഉള്‍പ്പെടുത്തി കലോത്സവ മാനുവല്‍ പരിഷ്‌കരിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കലോത്സവ വെബ്സൈറ്റ് പരിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്.