September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 14, 2026

നിലമ്പൂരിൽ അൻവറിനെതിരായ കൊലവിളി മുദ്രാവാക്യം; നൂറോളം സിപിഐഎം പ്രവർത്തകർക്കെതിരെ കേസ്

SHARE

മലപ്പുറം: പിവി അൻവർ എംഎൽഎക്കെതിരെ കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന നൂറോളം സിപിഐഎം പ്രവർത്തകർക്കെതിരെയാണ് നിലമ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ‘ചെങ്കൊടി തൊട്ടുകളിക്കണ്ട’ എന്ന ബാനറും അന്‍വറിന്‍റെ കോലവുമായാണ് സിപിഐഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പാർട്ടി നേതൃത്വത്തിനെതിരെയും പരസ്യമായി രംഗത്തുവന്ന അൻവറിനെതിരെ കഴിഞ്ഞ ദിവസമാണ് സിപിഐഎം പ്രവർത്തകർ നിലമ്പൂരിൽ കൊലവിളി മുദ്രാവാക്യം വിളിച്ച് പ്രകടനം സംഘടിപ്പിച്ചത്. അൻവറിനെതിരെ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.ഗോവിന്ദൻ മാഷ് കൈ ഞൊടിച്ചാൽ വെട്ടിയരിഞ്ഞ് പുഴയിൽ തള്ളും. മര്യാദക്ക് നടന്നില്ലെങ്കിൽ കൈയും കാലും വെട്ടിയരിയും. എന്നീങ്ങനെയുള്ള പ്രകോപന മുദ്രാവാക്യങ്ങളാണ് പ്രവർത്തകർ മുഴക്കിയത്. അതിനിടെ ഇന്ന് അന്‍വറിനെ പിന്തുണച്ച് അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ ഫ്‌ളക്‌സുകള്‍ പ്രത്യക്ഷപ്പെട്ടു. കൊല്ലാം പക്ഷെ തോല്‍പ്പിക്കാനാവില്ലെന്നാണ് ബോര്‍ഡിലുള്ളത്. ടൗണ്‍ ബോയ്‌സ് ആര്‍മിയുടെ പേരില്‍ സ്ഥാപിച്ച ബോര്‍ഡില്‍ പി വി അന്‍വര്‍ വിപ്ലവ സൂര്യന്‍ ആണെന്നും പറയുന്നു. നേരത്തെ ഒതായിയിലെ അന്‍വറിന്റെ വീടിനു മുന്നില്‍ സിപിഐഎം അന്‍വറിനെതിരെ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. സിപിഐഎമ്മിന്റെ പ്രതിഷേധങ്ങള്‍ക്ക് മറുപടിയായാണ് നിലമ്പൂരിലെ പൊതുയോഗം ശക്തിപ്രകടനമാക്കാന്‍ പി വി അന്‍വര്‍ എംഎല്‍എ തീരുമാനിച്ചത്. നിലമ്പൂരിലെ ഏറ്റവും അധികം ജനത്തിരക്കുള്ള ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡ് പരിസരത്ത് വൈകിട്ട് 6.30 നാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. പൊതുയോഗത്തില്‍ വെച്ച് ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസിനെതിരെ ഉള്‍പ്പെടെ തെളിവുകള്‍ പുറത്തുവിടുമെന്നാണ് അന്‍വറിന്റെ അവകാശവാദം. പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യത്തിലും അന്‍വര്‍ ഇന്ന് നിലപാട് അറിയിച്ചേക്കും. മാമി തിരോധാനത്തില്‍ കോഴിക്കോട് പൊതുയോഗം നടത്തുമെന്നും അന്‍വര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിലമ്പൂരില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു.