ക്ഷേമ പദ്ധതികൾക്ക് കൈയടിച്ച് നാട്
1 min readകണ്ണൂർ: എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ ജില്ലയിൽ സിപിഐ എം നേതൃത്വത്തിലുള്ള ഗൃഹസന്ദർശന പരിപാടിക്ക് തുടക്കമായി. നേതാക്കളെയും പ്രവർത്തകരെയും വീട്ടുകാർ സൗഹാർദത്തോടെ സ്വീകരിച്ചു. എൽഡിഎഫ് സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങളിലും പദ്ധതികളിലും ജനങ്ങൾ നല്ല മതിപ്പാണ് പ്രകടപ്പിച്ചത്. വികസന നേട്ടങ്ങൾ എല്ലാവരിലും എത്തിക്കാനുള്ള ശ്രമം തുടരണമെന്ന അഭിപ്രായമുയർന്നു. സർക്കാർ ഓഫീസുകളിലെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിനുള്ള നടപടി ഉണ്ടാവണമെന്ന നിർദേശങ്ങളുമുണ്ടായി. ജനപക്ഷത്തുനിന്ന് ഇക്കാര്യങ്ങളിൽ ആവശ്യമായ ഇടപെടലുകൾ ഉണ്ടാവുമെന്ന് നേതാക്കൾ ഉറപ്പുനൽകി. കണ്ണൂർ ടൗൺ വെസ്‌റ്റ് ലോക്കലിൽ പാറക്കണ്ടി, കാനത്തൂർ എന്നിവിടങ്ങളിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തിലായിരുന്നു ഗൃഹസന്ദർശനം. കല്ലാളത്തിൽ ശ്രീധരൻ, പി വി കെ നമ്പ്യാർ എന്നിവരുടെ വസതികളും സന്ദർശിച്ചു. ജില്ലാ കമ്മിറ്റി അംഗം എം ഷാജർ, ഏരിയാ സെക്രട്ടറി കെ പി സുധാകരൻ, ഒ കെ വിനീഷ്, കെ വി ദിനേശൻ എന്നിവർ ഒപ്പമുണ്ടായി.