കെഎസ്ആര്‍ടിസി ഡ്രൈവർ മദ്യപിച്ചെന്ന് സിഗ്നൽ; ‘ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടില്ല’, കുടുംബവുമായി സമരം
1 min read

പാലോട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡ്രൈവര്‍ മദ്യപിച്ചെന്ന് സിഗ്നല്‍. ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് മദ്യപിച്ചെന്ന് കണ്ടെത്തിയത്. മദ്യപിച്ചെന്ന് സിഗ്നല്‍ ലഭിച്ചതിനാല്‍ ഡ്യൂട്ടിയില്‍ പ്രവേശിപ്പിച്ചില്ല. എന്നാല്‍ ജീവിതത്തില്‍ ഇത് വരെ മദ്യപിച്ചിട്ടില്ലെന്നാണ് ഡ്രൈവറായ ജയപ്രകാശ് പറയുന്നത്. മെഷീന്‍ തകരാറിലാണെന്നും അദ്ദേഹം പറഞ്ഞു.
ചെയ്യാത്ത കുറ്റത്തിനാണ് തനിക്കെതിരെ നടപടിയെന്ന് ആരോപിച്ച് ജയപ്രകാശും കുടുംബവും ഡിപ്പോയില്‍ സമരം ആരംഭിച്ചു. കുത്തിയിരിപ്പ് സമരമാണ് കുടുംബം നടത്തുന്നത്.ദിവസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് ഡിപ്പോയില്‍ ജോലി ചെയ്യുന്ന ഒരു ഡ്രൈവറെയും ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ പോസിറ്റിവായതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. ജീവിതത്തില്‍ ഇത് വരെ മദ്യപിച്ചിട്ടില്ലെന്ന് അവകാശപ്പെട്ട ഡ്രൈവര്‍ ടി കെ ഷിബീഷിനെതിരെയാണ് നടപടി സ്വീകരിച്ചത്. ഹോമിയോ മരുന്ന് മാത്രമാണ് താന്‍ കഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.പിന്നീട് കെഎസ്ആര്‍ടിസി ആസ്ഥാനത്ത് നടത്തിയ മെഡിക്കല്‍ പരിശോധനയിലാണ് ഷിബീഷിന്റെ നിരപരാധിത്വം തെളിഞ്ഞത്. സസ്‌പെന്‍ഷന്റെ വക്കില്‍ നിന്നാണ് ഷിബീഷ് രക്ഷപ്പെട്ടത്.
