പുതിയ സിനിമയിലെ കഥാപാത്രത്തിന് പേര് നൽകാനാണ്, ആൺ പെൺ ദൈവങ്ങളുടെ പട്ടിക നൽകണം’; സെൻസർ ബോർഡിനെ വെട്ടിലാക്കുന്ന വിവരാവകാശ അപേക്ഷയുമായി അഭിഭാഷകൻ ഹരീഷ് വാസുദേവൻ
1 min read

ജാനകി സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ച സംഭവത്തിൽ സെൻസർ ബോർഡിനെ വെട്ടിലാക്കുന്ന വിവരാവകാശ അപേക്ഷയുമായി പ്രമുഖ അഭിഭാഷകൻ ഹരീഷ് വാസുദേവൻ. സെൻസർ ബോർഡിൻറെ കൈവശമുള്ള ദൈവങ്ങളുടെ പട്ടിക ആവശ്യപ്പെട്ട് സെൻസർ ബോർഡിന് അപേക്ഷ നൽകിയിരിക്കുകയാണ് അഡ്വക്കേറ്റ് ഹരീഷ് . തൻറെ പുതിയ സിനിമയിലെ കഥാപാത്രത്തിന് പേര് നൽകുന്നതിനാണ് ദൈവങ്ങളുടെ പട്ടിക ആവശ്യപ്പെടുന്നത് എന്ന് വിവരാവകാശ അപേക്ഷയിൽ പറയുന്നു.
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയിലെ ജാനകി എന്ന പേര് ദൈവത്തിൻറെ പേരാണെന്ന വാദമുയർത്തി സെൻസർ ബോർഡ് അവതരണാനുമതി നിഷേധിച്ചതിന് പിന്നാലെയാണ് സെൻസർ ബോർഡിനെ വെട്ടിലാക്കുന്ന ചോദ്യം ഉയർന്നത്. ഏതൊക്കെയാണ് ദൈവത്തിൻറെ പേരുകൾ എന്നതായിരുന്നു ഉയർന്ന ചോദ്യം. ഈ ചോദ്യം വിവരാവകാശ നിയമം പ്രകാരം സെൻസർ ബോർഡിനു മുന്നിൽ ഉന്നയിച്ചിരിക്കുകയാണ് അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ . ബോർഡിന്റെ കൈവശമുള്ള ആൺപൈൺ ദൈവങ്ങളുടെ പട്ടികയാണ് വിവരാവകാശ അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത് . തൻ്റെ പുതിയ സിനിമയിലെ കഥാപാത്രങ്ങൾക്ക് പേരിടുമ്പോൾ ജാഗ്രത പുലർത്തുന്നതിനാണ് ദൈവങ്ങളുടെ പട്ടിക ആവശ്യപ്പെടുന്നതെന്ന് അപേക്ഷയിൽ പറയുന്നു.
വിവരാവകാശ നിയമപ്രകാരം സെൻസർ ബോർഡ് ഇതിന് മറുപടി നൽകണം. എന്തു മറുപടി നൽകും അതിൽ എത്ര ദൈവങ്ങളുടെ പേരും അവയുടെ പര്യായപദങ്ങളും ഉൾപ്പെടുത്താൻ പറ്റും എന്നതാണ് സെൻസർ ബോർഡിനെ വെട്ടിലാക്കുന്ന ഘടകം.
സെൻസർ ബോർഡിൻറെ വിചിത്രമായ നിലപാട് മൂലം ജാനകി വേഴ്സസ് ഗവൺമെൻറ് ഓഫ് കേരള സിനിമ കോടതി കയറിയിരുന്നു. ഒടുവിൽ മുഖ്യ കഥാപാത്രമായ ജാനകിക്ക് വി എന്ന ഇനീഷ്യൽ കൂടി നൽകിയാണ് നിർമാതാക്കൾ സെൻസർ ബോർഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടന്നത്.
