ന്യൂനമർദ്ദം നാളെ കരതൊടും; ഇടിമിന്നലോടു കൂടിയ ശക്തമായ മഴയെത്തുന്നു, യെല്ലോ അലേർട്ട്
1 min readതിരുവനന്തപുരം: ന്യൂനമർദ്ദത്തിന്‍റെ സ്വാധീനഫലമായി സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം നാളെയോടെ കരതൊടുമെന്നാണ് അറിയിപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത അഞ്ച് ദിവസവും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം.തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതി ചെയ്യുകയാണ്. അടുത്ത മണിക്കൂറുകളിൽ വീണ്ടും ശക്തിപ്രാപിച്ച് നാളെയോടെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്ക – തമിഴ് നാട് തീരത്തിന് സമീപം എത്തിച്ചേരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഡിസംബർ 12 മുതൽ 14 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിപ്പുണ്ട്.