ജയത്തിന്റെ രാജാവാകാൻ എം വി ജയരാജൻ
1 min read

കണ്ണൂർ: സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായ എം വി ജയരാജൻ ആദ്യമായാണ് പാർലമെന്റിലേക്ക് മത്സരിക്കുന്നത്. എടക്കാട് മണ്ഡലത്തിൽ നിന്ന് രണ്ടു തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം വി ജയരാജന് കണ്ണൂർ ലോകസഭ മണ്ഡലത്തിൽ കക്ഷി രാഷ്‌ട്രീയത്തിനതീതമായ വ്യക്തിബന്ധമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയെന്ന നിലയിലും മികച്ച പ്രവർത്തനമാണ് നടത്തിയത്. പരിയാരം സഹകരണ മെഡിക്കൽ കോളേജ് ചെയർമാനുമായിരുന്നു. അറുപത്തിമൂന്നുകാരനായ എം വി ജയരാജൻ നിയമ ബിരുദധാരിയാണ്. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവും അഖിലേന്ത്യ കൗൺസിൽ അംഗവുമാണ്. വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് സജീവമായത്. എസ്എഫ്ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോ. സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാൻ, കെഎസ്‌ഇബി അംഗം, ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി, കോൺഫെഡറേഷൻ ഓഫ് നീതി മെഡിക്കൽ എംപ്ലോയീസ് സംസ്ഥാന പ്രസിഡന്റ്, കെൽട്രോൺ എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, എൽബിഎസ് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ്, ജനകീയ ഔഷധ സമിതി ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ നടന്ന കൂത്തുപറമ്പ് വെടിവെപ്പ് സംഭവത്തിൽ ക്രൂര മർദനത്തിന് ഇരയായി. കോടതിയലക്ഷ്യക്കേസിന്റെ പേരിലും വേട്ടയാടി. പെരളശേരിയാണ് എം വി ജയരാജന്റെയും ജന്മദേശം. പെരളശേരിയിലെ മാരിയമ്മാർവീട്ടിൽ പരേതനായ വി കെ കുമാരന്റെയും എം വി ദേവകിയുടെയും മൂത്ത മകനാണ്. കേരള ബാങ്ക് കണ്ണൂർ റീജ്യണൽ ഓഫീസിൽ ഡപ്യൂട്ടി ജനറൽ മാനേജരായ കെ ലീനയാണ് ഭാര്യ. ഷിപ്പിങ് എൻജിനിയർ എം വി സഞ്ജയ്, കോഴിക്കോട് സിറ്റി ഗ്യാസ് പ്രോജക്ട് എൻജിനിയർ എം വി അജയ് എന്നിവർ മക്കൾ. മരുമക്കൾ: ഡോ.സ്‌നിഗ്‌ധ, ഡോ. ശിവ ബാലകൃഷ്‌ണൻ.
WE ONE KERALA- AJ
