മമ്മൂട്ടി ഉൾപ്പടെ അംഗമായ, മഹാരാജാസിലെ പൂർവ വിദ്യാർഥി സംഘടന ഓഫീസ് ഒഴിപ്പിച്ചു, പ്രതിഷേധവുമായി അം​ഗങ്ങൾ

1 min read
SHARE

മഹാരാജാസ് കോളേജിലെ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പൂർവ വിദ്യാർഥി സംഘടന ഓഫീസ് ഒഴിപ്പിച്ച കോളേജ് അധികൃതരുടെ നടപടിയിൽ കടുത്ത പ്രതിഷേധം. കോളേജിനുള്ളിൽ അനുവദിച്ചിരുന്ന സംഘടനയുടെ ഓഫീസിനാണ് കോളേജ് അധികൃതർ പൂട്ടിട്ടത്. ഒരു നൂറ്റാണ്ടിന് മേലെ പഴക്കമുള്ള സംഘടനയാണ് എം സി ഒ എസ് എ. മമ്മൂട്ടിയുൾപ്പടെ ഉള്ളവർ ഇതിൽ അം​ഗങ്ങളാണ്.

കോളേജിൻ്റെ പുരോ​ഗതിക്കായി പൂ‌‍ർവ വിദ്യാർഥികൾ നടത്തിയ ശ്രമങ്ങളെ അവ​ഗണിക്കുന്ന തരത്തിലുള്ള പ്രവർത്തിയാണ് കോളേജിൻ്റെ ഭാ​ഗത്ത് നിന്നുണ്ടായതെന്നും കോളേജിൻ്റെ ആസ്തിയിൽ നിന്നുള്ള വരുമാനം ഉറപ്പാക്കുന്നതിലെ വീഴ്ച ചൂണ്ടികാട്ടിയതാണ് ഇത്തരത്തിലൊരു നടപടി ഉണ്ടാകാൻ കാരണമായതെന്നും അസോസിയേഷൻ ആരോപിച്ചു.

എം സി ഒ എസ് എ യിലെ അംഗങ്ങളായ മുന്‍മന്ത്രി തോമസ് ഐസക്ക്, ജസ്റ്റിസ് കെ. സുകുമാരന്‍ ഉൾപ്പടെയുള്ളവർ നടപടിയിൽ അനുരഞ്ജനത്തിന് ശ്രമിച്ചിരുന്നു. എന്നാൽ നടപടിയിൽ മാറ്റമൊന്നും ഉണ്ടായില്ല. ഇതേ തുടർന്നാണ് അസോസിയേഷൻ വലിയ പ്രതിഷേധത്തിലേക്ക് കടന്നത്. സംഭവത്തിൽ മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സംഘടന പരാതി നൽകിയിട്ടുണ്ട്.