ഗുഡ്‌സ് ഓട്ടോയില്‍ 733 ലിറ്റര്‍ മാഹി മദ്യം; കയ്യോടെ പൊക്കി എക്‌സൈസ്.

1 min read
SHARE

കണ്ണൂര്‍: തലശേരിയില്‍ ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ അനധികൃതമായി കടത്തിക്കൊണ്ടു വരികെയായിരുന്ന 733 ലിറ്റര്‍ പോണ്ടിച്ചേരി മദ്യം കസ്റ്റഡിയിലെടുത്തതായി എക്‌സൈസ്. സംഭവത്തില്‍ വാഹനം ഓടിച്ചിരുന്ന കോഴിക്കോട് വടകര സ്വദേശി എ.കെ ചന്ദ്രനെ അറസ്റ്റ് ചെയ്തു. ക്രിസ്തുമസ്, പുതുവര്‍ഷ ആഘോഷങ്ങള്‍ മുന്നില്‍ കണ്ട് എക്‌സൈസ് വകുപ്പ് അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരുന്നു. എക്‌സൈസ് ഇന്റലിജന്‍സിലെ പ്രിവന്റീവ് ഓഫീസര്‍ സുകേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുത്തുപറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ വിജേഷിന്റെ നേതൃത്വത്തിലുള്ള ടീമും, കണ്ണൂര്‍ എക്‌സൈസ് ഇന്റലിജന്‍സും ചേര്‍ന്നാണ് പരിശോധന നടത്തിയത്. സംഘത്തില്‍ സി.പി ഷാജി, സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പ്രമോദന്‍ പി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രജീഷ് കോട്ടായി, വിഷ്ണു എന്‍. സി, ബിനീഷ് എ.എം, ഡ്രൈവര്‍ ലതീഷ് ചന്ദ്രന്‍ എന്നിവരും ഉണ്ടായിരുന്നെന്ന് എക്‌സൈസ് അറിയിച്ചു.