മയ്യഴിയമ്മയുടെ തിരുനാൾ മഹോത്സവത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൊടിയേറ്റം നടന്നു
1 min readമാഹി : പള്ളിമണികളുടെയും , ആചാരവെടികളുടെയും അകമ്പടിയോടെ മാഹി സെൻ്റ് തെരേസാ ദേവാലയത്തിലെ അമ്മ ത്രേസ്യാ പുണ്യവതിയുടെ തിരുനാൾ മഹോത്സവത്തിന് ഇന്ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൊടിയേറി കൊടിയേറ്റത്തിന് ശേഷം ആൾത്താരയിലെ രഹസ്യ അറയിൽ സൂക്ഷിച്ച തിരുസ്വരൂപം പൊതുവണക്കത്തിനായി പ്രതിഷ്ഠിച്ചു.തുടർന്ന് ഫാ. വിൻസെന്റ് പുളിക്കൽ തിരുസ്വരൂപത്തിൽ മാല ചാർത്തി.
സഹ വികാരി ഫാ. ഡിലു റാഫേൽ, ഫാ. ജോസ് യേശുദാസ്, ഫാ. നിധിൻ ബർവ, മാഹി എം എൽ എ രമേഷ് പറമ്പത്ത്,മാഹി പോലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് സർക്കിൾ ഇൻസ്പെക്ടർ ആർ ഷൺമുഖം , പാരിഷ് കൗൺസിൽ സെക്രട്ടറി രാജേഷ് ഡിസിൽവ എന്നിവർ സന്നിഹിതരായിരുന്നു.കൊമ്പിരി അംഗങ്ങളും അൾത്താര ശുശ്രൂഷകരും ഇടവക ജനങ്ങളും നേതൃത്വം നല്കി
വൈകിട്ട് ആറിന് ഫാ. ജെൻസൻ പുത്തൻവീട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി, നൊവേന എന്നിവ നടന്നു. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ റീത്തുകളിൽ രാവിലെ ഏഴിനും വൈകിട്ട് ആറിനും ദിവ്യബലിയും നൊവേനയും നടക്കും.
എട്ടിന് രാവിലെ ഒൻപതിന് ഫ്രഞ്ച് ഭാഷയിൽ ഫാ. ലോറൻസ് കുലാസിന്റെയും 11-ന് ഫാ. എ.മുത്തപ്പന്റെയും മൂന്നിന് ഫാ. ആന്റണി മുതുകുന്നേലിന്റെയും കാർമികത്വത്തിൽ ദിവ്യബലി നടക്കും. വൈകിട്ട് ആറിന് ഫാ. മാർട്ടിൻ രായപ്പന്റെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയും നൊവേനയും. 10-ന് വൈകിട്ട് ആറിന് നടക്കുന്ന ദിവ്യബലിക്കും നൊവേനക്കും ബെംഗളൂരു അതിരൂപതാ മെത്രാൻ ഡോ. പീറ്റർ മച്ചാദോ കാർമികത്വം വഹിക്കും.
14-ന് തിരുനാൾ ജാഗരവും രാത്രി എട്ടിന് തിരുസ്വരൂപം വഹിച്ചുള്ള നഗരപ്രദക്ഷിണവുമുണ്ടാകും. 15-ന് പുലർച്ചെ ഒന്നിന് ശയനപ്രദക്ഷിണം (ഉരുളൽ നേർച്ച) തുടങ്ങും.
രാവിലെ 10.30-ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്കും നൊവേനയ്ക്കും കോഴിക്കോട് രൂപതാ മെത്രാൻ ഡോ. വർഗീസ് ചക്കാലക്കൽ കാർമികത്വം വഹിക്കും. വൈകിട്ട് അഞ്ചിന് മേരി മാതാ കമ്യൂണിറ്റി ഹാളിൽ സ്നേഹസംഗമം നടക്കും.
16-ന് വൈകിട്ട് ആറിന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്കും നൊവേനയ്ക്കും താമരശ്ശേരി രൂപതാ മെത്രാൻ ഡോ. റെമിജിയൂസ് ഇഞ്ചനാനിയിൽ കാർമികത്വം വഹിക്കും. 22-ന് സമാപനദിനത്തിൽ രാവിലെ 10.30-നുള്ള ആഘോഷമായ ദിവ്യബലിക്കും നൊവേനയ്ക്കും ഫാ. പോൾ പേഴ്സി ഡിസിൽവ കാർമികത്വം വഹിക്കും.ഉച്ചകഴിഞ്ഞ് ഇടവക വികാരി ഫാ. വിൻസെന്റ് പുളിക്കൽ തിരുസ്വരൂപം അൾത്താരയിലെ രഹസ്യ അറയിലേക്ക് മാറ്റുന്നതോടെ തിരുനാളാഘോഷം സമാപിക്കും