മക്രേരി ക്ഷേത്ര തീര്‍ഥാടന ടൂറിസം പദ്ധതി നാടിന് സർപ്പിച്ചു
1 min read

മക്രേരി ക്ഷേത്ര തീര്‍ഥാടന ടൂറിസം പദ്ധതി നാടിന് സർപ്പിച്ചുയഥാർത്ഥ ചരിത്ര വസ്തുതകൾ കൊണ്ട് നുണകളെ നേരിടാൻ നമ്മെ പ്രാപ്തമാക്കുന്ന വിജ്ഞാനശാലയാണ് മ്യൂസിയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മക്രേരി ശ്രീ സുബ്രഹമണ്യസ്വാമി ക്ഷേത്ര തീര്‍ഥാടന ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിവര സാങ്കേതിക വിദ്യയുടെ യുഗമാണ് ഇത്. അറിവുകൾ വേഗത്തിൽ പകർന്നു നൽകപ്പെടുന്നു. നുണകളും ഇക്കാലത്ത് അതിവേഗതയിലാണ് പ്രചരിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ മ്യൂസിയങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്.
തലശ്ശേരി പൈതൃക ടൂറിസം പദ്ധതി ഉത്തര മലബാറിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായതാണ്. 41 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതിയിൽ കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ 11 ആരാധനാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നു. അതോടൊപ്പം അവയോട് അനുബന്ധിച്ചുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനവും നടപ്പാക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് മൂന്ന് കോടി രൂപ ചെലവിട്ടു കൊണ്ടുള്ള പദ്ധതി മക്രേരി ക്ഷേത്രത്തിൽ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ തനത് സംഗീത പാരമ്പര്യം വിളംബരം ചെയ്യുന്ന സോപാന സംഗീതവുമായി ബന്ധപ്പെട്ട മ്യൂസിയം ആണിത്. പ്രശസ്ത സംഗീതജ്ഞൻ ദക്ഷിണാമൂർത്തിയുടെ ജീവിതവുമായി ഇഴചേർന്ന് നിൽക്കുന്ന മ്യൂസിയം ഈ ആരാധനാലയത്തിന്റെ പ്രൗഢിയും പ്രാധാന്യവും വർദ്ധിപ്പിക്കും.
രണ്ട് കോടി ഒൻപത് ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ചിരിക്കുന്ന ഒരു തീമാറ്റിക്, ഇന്ററാക്റ്റീവ് മ്യൂസിയമാണിത്.
കഴിഞ്ഞ ഒൻപത് വർഷത്തിനുള്ളിൽ നിരവധി മ്യൂസിയങ്ങളാണ് നമ്മുടെ നാട്ടിൽ ആരംഭിച്ചിട്ടുള്ളത്. 25 ആധുനിക മ്യൂസിയങ്ങളാണ് സംസ്ഥാനത്ത് സർക്കാർ നിർമ്മിച്ചത്. 20 മ്യൂസിയം പദ്ധതികൾ വിവിധ ഘട്ടങ്ങളിൽ അതിന്റെ നിർമ്മാണം പുരോഗമിച്ചു വരികയാണ്. കണ്ണൂരിൽ മാത്രം അഞ്ച് മ്യൂസിയങ്ങൾ ഉണ്ട്. ആറാമത്തേത് എകെജി മ്യൂസിയം ഉടൻ പൂർത്തിയാകും. കണ്ണൂരിന്റെ സാംസ്കാരിക മുന്നേറ്റത്തിന് വലിയ മുതൽക്കൂട്ടാകും ഇത്തരം മ്യൂസിയങ്ങൾ. മ്യൂസിയങ്ങളെ കേവലം ഒരു പ്രദർശന ശാലകളായി കാണുന്ന നയമല്ല സർക്കാറിനുള്ളത്. കേരളത്തിന്റെ ചരിത്രം, സംസ്കാരം ഇവയെല്ലാം വരും തലമുറയ്ക്ക് പകർന്നു കൊടുക്കാൻ മ്യൂസിയങ്ങൾ ഉപകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2500 ചതുരശ്ര അടി വിസ്തൃതിയുള്ള ഊട്ടുപുര ഒരു കോടി രൂപ ചെലവഴിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ചുറ്റമ്പലത്തിന്റെ കല്ല് പാകൽ, ലാന്‍ഡ് സ്‌കേപ്പിംഗ്, നടപ്പാത നിർമ്മാണം തുടങ്ങിയവയും ഇവിടെ നിർവഹിച്ചിട്ടുണ്ട്. ഇവയെല്ലാം കൂടി ഒരുകോടി 98 ലക്ഷം രൂപ ചെലവായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ഒൻപത് വർഷം എടുത്താൽ
600 കോടിയോളം രൂപ വിവിധ ദേവസ്വങ്ങൾക്കും അവിടങ്ങളിൽ നടപ്പാക്കിയ പദ്ധതികൾക്കുമായി സംസ്ഥാന സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് 145 കോടി, കൊച്ചിൻ ദേവസ്വം ബോർഡിന് 26 കോടി, മലബാർ ദേവസ്വം ബോർഡിന് 252 കോടി, ശബരിമല മാസ്റ്റർ പ്ലാനിന് 84 കോടി, ശബരിമല ഇടത്താവളത്തിന് 116 കോടി, ശബരിമല സാനിറ്റേഷൻ സൊസൈറ്റിക്ക് 20 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മലബാർ ദേവസ്വം ജീവനക്കാരുടെ ശമ്പളത്തിനായി കഴിഞ്ഞ സാമ്പത്തിക വർഷം 25 കോടി രൂപ വകയിരുത്തി. ഉത്തര മലബാറിലെ ക്ഷേത്രങ്ങളിലെ ആചാരസ്ഥാനികൾ, കോലധാരികൾ ഇവർക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയുടെ ഗുണഫലങ്ങൾ രണ്ടായിരത്തോളം പേർക്കാണ് ലഭ്യമാകുന്നത്. ഈ സാമ്പത്തിക വർഷം അതിനായി അഞ്ചേകാൽ കോടി രൂപയാണ് വകയിരുത്തിയത്. സംസ്ഥാന സർക്കാർ ക്ഷേത്രങ്ങൾക്ക് വകയിരുത്തുന്ന ചെലവുകളിൽ ചിലതാണ് ഇവിടെ സൂചിപ്പിച്ചത്. പക്ഷേ വ്യാജ പ്രചരണങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ ക്ഷേത്രങ്ങളിലെ പണം എടുക്കുന്നു എന്ന രീതിയിൽ പ്രചരണം നടക്കുന്നുണ്ട്. ശുദ്ധ നുണ വലിയ രീതിയിൽ പ്രചരിപ്പിക്കപ്പെടുന്നു. വസ്തുതകൾ മനസ്സിലാക്കുന്നതിനാണ് ഇത്തരം കണക്കുകൾ അവതരിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാടിന്റെ സമാധാന അന്തരീക്ഷം സംരക്ഷിക്കുന്നതിനും സഹോദര്യം ഊട്ടി ഉറപ്പിക്കുന്നതിനും കഴിയുന്നവയാണ് ആരാധനാലയങ്ങൾ. നാടിന്റെ പൊതുസ്വത്തായ ആരാധനാലയങ്ങൾ സംരക്ഷിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ടൂറിസം വകുപ്പിന്റെ തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് കോടി 62 ലക്ഷം രൂപയോളം ചെലവഴിച്ചാണ് ക്ഷേത്ര തീര്‍ഥാടന ടൂറിസം പദ്ധതി നടപ്പാക്കിയത്. ടൂറിസം വകുപ്പ് സ്റ്റേറ്റ് ഫണ്ട് മുഖേനയും കിഫ്ബി സാമ്പത്തിക വകയിരുത്തല്‍ പ്രകാരവും
പൂര്‍ത്തീകരിച്ച ഊട്ടുപുര, ദക്ഷിണമൂർത്തി സ്വാമികളുടെ ഓർമകൾ പകരുന്ന സോപാന സംഗീത മ്യൂസിയം, മ്യൂസിയം കെട്ടിടം, ലാന്‍ഡ് സ്‌കേപ്പിംഗ്, ചുറ്റമ്പലം ടൈല്‍ പാകല്‍, കല്ല് പാകല്‍, കുളം നവീകരണം, ടോയ്ലറ്റ് സംവീധാനങ്ങൾ എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. മെയ് ഒന്ന് മുതൽ പൊതു ജനങ്ങൾക്കായി മ്യൂസിയം തുറന്നു കൊടുക്കും.
രജിസ്ട്രേഷൻ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായിരുന്നു. സംസ്ഥാനത്ത് വൈവിധ്യമായ മ്യൂസിയം ശൃംഖല സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു. ചരിത്രത്തെയും ചരിത്ര പുരുഷന്മാരെയും സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്റെതെന്നും മന്ത്രി പറഞ്ഞു. ഡോ. വി. ശിവദാസന്‍ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ രത്നകുമാരി എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. കേരള മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍. ചന്ദ്രന്‍പിള്ള, കെ ഐ ഐ ഡി സി ചീഫ് എഞ്ചിനീയര്‍ പ്രകാശ് ഇടിക്കുള എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പെരളശ്ശേരി ഗ്രാപഞ്ചായത്ത് പ്രസിഡന്റ് എ.വി ഷീബ, മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ കോഴിക്കോട് ടി.സി ബിജു, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി.സി മനോജ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം കെ.വി ബിജു, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം സി സഞ്ചന, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് അംഗം എൻ ബീന, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
