മണിപ്പൂരിൽ സംഘർഷം നേരിടാൻ കൂടുതൽ നടപടി: ഒരു ജില്ലയിൽ ഒരു സേന നയം സ്വീകരിച്ച് സര്‍ക്കാര്‍
1 min readദില്ലി: മണിപ്പൂരിൽ സംഘർഷം നേരിടാൻ കൂടുതൽ നടപടിയുമായി മണിപ്പൂർ സർക്കാർ. ഓരോ ജില്ലയിലും ക്രമസമാധാനം പാലിക്കാൻ ഓരോ സേനയെ വിന്യസിക്കും. സേനകളുടെ ഏകോപനം കൃത്യമാകാനാണ് നടപടി. സിആര്‍പിഎഫ്, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി, സിഐഎസ്എഫ്, അസം റൈഫിള്‍സ് എന്നിവയ്ക്ക് പുറമെ കരസേനയിലെ സൈനികരും മണിപ്പൂരിലുണ്ട്. ഇന്നലെ മണിപ്പൂരിനെ പ്രശ്നബാധിതയിടമായി മണിപ്പൂർ സർക്കാർ പ്രഖ്യാപിച്ചിരുന്നു. മണിപ്പൂരിലെ മെയ്തെയ് – കുകി വിഭാഗങ്ങൾക്കിടയിലുള്ള സംഘർഷത്തില്‍ അയവ് വരാത്തതിനെ തുടർന്നായിരുന്നു നടപടി. മെയ്തെയ് വിഭാഗത്തില്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു എന്ന വിവരം പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ ദിവസവും ഇംഫാലില്‍ സംഘർഷമുണ്ടായിരുന്നു. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇതോടെ മണിപ്പൂരിൽ ഇന്‍റർനെറ്റ് സേവനം അഞ്ച് ദിവസത്തേക്ക് റദ്ദാക്കിയിരുന്നു. എന്നാൽ കൊല്ലപ്പെട്ട മെയ്തെയ് വിഭാഗക്കാരായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം ഇതുവരെ ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം ഉള്‍പ്പെടെ നടക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളെ കാണാനില്ലെന്നത് സംബന്ധിച്ച കേസ് സിബിഐ അന്വേഷിക്കുന്നതിനിടെയാണ് കുട്ടികള്‍ മരിച്ച് കിടക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നത്. മെയ്തെയ് വിഭാഗക്കാരായ ഹിജാം ലിന്തോയ്ഗാമ്പി (17), ഫിജാം ഹെംജിത്ത് (20) എന്നി വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തില്‍ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ഉറപ്പ് നൽകിയിരുന്നു.