മറയൂര്‍ കാട്ടാന ആക്രമണം; പരിക്കേറ്റയാളുടെ നില ഗുരുതരം
1 min readമറയൂര്‍ കാന്തല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ പാമ്പന്‍പാറ തെക്കേല്‍ തോമസിന്റെ നില ഗുരുതരമായി തുടരുന്നു. കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് വന്‍ പ്രതിഷേധമാണ് കാന്തല്ലൂര്‍ മേഖലയില്‍ ഉയരുന്നത്. സ്വന്തം പറമ്പില്‍ പണിയെടുക്കുന്നതിനിടെയാണ് പാമ്പന്‍പാറ തെക്കേല്‍ കുഞ്ഞാപ്പു എന്ന് വിളിക്കുന്ന തോമസിനെ കാട്ടാന ആക്രമിച്ചത്. ഒപ്പം ഉണ്ടായിരുന്ന ഭാര്യ സിസിലിയുടെ നിലവിളികേട്ട് ഓടിയെത്തിയ സമീപവാസികളാണ് തോമസിനെ ആശുപത്രിയില്‍ എത്തിച്ചത്. മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം തോമസിനെ എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വര്‍ദ്ധിച്ചുവരുന്ന കാട്ടാന ആക്രമണത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. 23ലധികം വരുന്ന കാട്ടാന കൂട്ടമാണ് മറയൂര്‍ കാന്തല്ലൂര്‍ മേഖലയില്‍ നാശം വിതച്ചു കൊണ്ടിരിക്കുന്നത്. നിരവധി വാഹനങ്ങളും കൃഷിയും കാട്ടാനക്കൂട്ടം നശിപ്പിക്കുന്നു. വിനോദസഞ്ചാരികള്‍ ധാരാളം എത്തിക്കൊണ്ടിരുന്ന മേഖലയില്‍ കാട്ടാനകളുടെ ആക്രമണം വിനോദസഞ്ചാര മേഖലയ്ക്കും ഭീഷണിയാവുകയാണ്.