മൂന്ന് പെട്ടികളിലായി 100 കിലോ സ്വർണം, ഒരു പെട്ടിയിൽ പണം; വിമാനത്താവളത്തിൽ വൻ സ്വർണവേട്ട
1 min readട്രിപ്പോളി: ലിബിയയിലെ മിശ്രാത അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 100 കിലോ സ്വർണവും 1.5 ദശലക്ഷം യൂറോയും പിടികൂടി. സ്വർണക്കട്ടികള്‍ കണ്ടെത്തിയത് മൂന്ന് സ്യൂട്ട്കേസുകളിലായാണ്. ഒരു സ്യൂട്ട് കേസിൽ പണവും കണ്ടെത്തി. അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചു. സ്വർണം കടത്താനുള്ള ശ്രമം മിശ്രാത അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെയാണ് കണ്ടെത്തിയത്. മിശ്രാതയിൽ നിന്ന് തുർക്കിയിലേക്ക് പോവുന്ന വിമാനത്തിന്‍റെ സുരക്ഷാ പരിശോധനക്കിടെയാണ് സ്വർണം പിടികൂടിയത്. തലസ്ഥാനമായ ട്രിപ്പോളിയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ കിഴക്കുള്ള തുറമുഖ നഗരമാണ് മിസ്രാത. സ്യൂട്ട്കേസ് ഉടമകളെ അറസ്റ്റ് ചെയ്തെന്ന് അധികൃതർ അറിയിച്ചു. എവിടെ നിന്ന് എവിടേക്ക് ആർക്കു വേണ്ടി സ്വർണവും പണവും കടത്തി എന്നതിൽ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ പറഞ്ഞു. 26,000 കിലോ സ്വർണം കടത്താൻ ഗൂഢാലോചന നടത്തിയതിന് മിസ്രത അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഡയറക്ടർ ജനറലിനെയും മറ്റ് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യാൻ മെയ് മാസത്തിൽ അറ്റോർണി ജനറൽ ഉത്തരവിട്ടിരുന്നു. പിന്നാലെയാണ് ഈ സ്വർണക്കടത്ത്.