മന്ത്രി കൃഷ്ണന്‍ കുട്ടിയുടെ ആരോഗ്യനില: മെഡിക്കല്‍ ടീം അംഗങ്ങളുടെ പ്രതികരണം.
1 min read

ആലപ്പുഴ: വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍. ‘മന്ത്രിയുടെ ഹൃദയമിടിപ്പ് നിയന്ത്രിക്കുന്നതിനായി പേസ് മേക്കര്‍ യന്ത്രം ഘടിപ്പിച്ചിട്ടുള്ളതാണ്. മുന്‍പ് ഒരു തവണ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ വ്യക്തിയാണ് കൃഷ്ണന്‍കുട്ടി. അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് പരിശോധനയില്‍ നേരിയ കുറവ് കാണുന്നുണ്ട്. പേസ് മേക്കര്‍ പരിശോധിക്കാനായി പേസ് മേക്കര്‍ നിര്‍മ്മാതാക്കളായ കമ്പനിയുടെ ടെക്നീഷ്യന്‍ വിഭാഗത്തെ അടിയന്തിരമായി അറിയിച്ചിട്ടുണ്ട്. മറ്റ് പരിശോധനകളില്‍ ഹൃദയാഘാതമോ മസ്തിഷ്‌ക സംബന്ധമായ യാതൊരു അസുഖമോ കണ്ടെത്താന്‍ കഴിഞ്ഞില്ല. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.” പേസ് മേക്കറിന്റെ പ്രവര്‍ത്തന പരിശോധനയ്ക്കായി കാര്‍ഡിയോളജി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ആലപ്പുഴ ഗവ.ടിഡി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി തീവ്ര പരിചരണ വിഭാഗത്തിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചിട്ടുള്ളത്. അദ്ദേഹത്തെ പരിശോധിക്കുന്നതിനുള്ള മെഡിക്കല്‍ ടീമിന്റെ മേല്‍നോട്ടത്തിനായി പ്രിന്‍സിപ്പാള്‍ ഡോ.മറിയം വര്‍ക്കി ചെയര്‍ പേഴ്സാണായും സൂപ്രണ്ട് ഡോ.അബ്ദുള്‍ സലാം ടീം മേധാവിയായും മെഡിക്കല്‍ ടീം രൂപീകരിച്ചു. ഡോ.വിനയ കുമാര്‍ (കാര്‍ഡിയോളജി വിഭാഗം മേധാവി), ഡോ.ഷാജി.സി.വി (ന്യൂറോളജി വിഭാഗം മേധാവി), ഡോ.സുമേഷ് രാഘവന്‍ (മെഡിസിന്‍ വകുപ്പ് മേധാവി), ഡോ.വീണ.എന്‍ (അനസ്തേഷ്യ വിഭാഗം മേധാവി) എന്നിവരാണ് മെഡിക്കല്‍ ടീം അംഗങ്ങള്‍.
ഇന്ന് രാവിലെ 9.30നാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നവകേരള സദസില്‍ പങ്കെടുക്കുമ്പോഴാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
