അക്കൗണ്ടിൽ നിന്ന് പലതവണയായി പണം മാറ്റി; മേഘയുടെ മരണത്തിന് പിന്നാലെ ഒളിവിൽ പോയി; മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി സുകാന്ത്
1 min read

തിരുവനന്തപുരത്ത് ട്രെയിന് മുന്നിൽ ചാടി മരിച്ച IB ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ആരോപണവിധേയനായ സുഹൃത്ത് സുകാന്ത് ഒളിവിൽ തുടരുന്നു. മേഘ മരിച്ചതിന്റെ പിറ്റേന്നാണ് ഇയാൾ ഒളിവിൽ പോയതെന്നാണ് പൊലീസിന്റെ നിഗമനം. മേഘയുടെ മരണവിവരം അറിഞ്ഞു ഇയാൾ ആത്മഹത്യ പ്രവണത പ്രകടിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം മേഘയുടെ അക്കൗണ്ടിൽ നിന്ന് സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ മലപ്പുറം സ്വദേശി സുകാന്തിൻ്റെ അക്കൗണ്ടിലേയ്ക്ക് പണം മാറ്റിയതായി പോലീസ് സ്ഥിരീകരിച്ചു. പലതവണയായി കൈമാറ്റം നടന്നതായാണ് പൊലീസ് കണ്ടെത്തൽ. അന്വേഷണ നടത്തുന്ന പേട്ട പൊലീസ് കഴിഞ്ഞ സുകാന്തിൻ്റെ വീട്ടിലെത്തിയെങ്കിലും ആരെയും കാണാൻ സാധിച്ചില്ല. ഐ ബി ഉദ്യോഗസ്ഥൻ മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങിയതായാണ് വിവരം.
മേഘയെ സാമ്പത്തികമായി സുഹൃത്ത് ചൂഷണം ചെയ്തെന്നാണ് പിതാവ് ഉന്നയിച്ചിരിക്കുന്ന പരാതി. ഇതിനിടെ സുകാന്തിൻ്റെ വിവരങ്ങൾ തേടി പൊലീസ് ഉടൻ ഐബിയ്ക്ക് കത്ത് നൽകും. കൊച്ചി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥൻ കൂടിയായ ഇയാളുടെ അവധിയടക്കമുള്ള വിവരങ്ങൾ തേടിയാണ് പൊലീസ് ഐബിയെ സമീപിക്കുക. ഐബി ഉദ്യോഗസ്ഥനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.
