ചിത്രകലയിലെ അതുല്യ പ്രതിഭ ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു
1 min readചിത്രകലയിലെ മഹാപ്രതിഭ ആർട്ടിസ്റ്റ് നമ്പൂതിരി (98) അന്തരിച്ചു. അസുഖങ്ങളെത്തുടർന്ന് നടുവട്ടത്തെ വീട്ടിൽനിന്ന് കഴിഞ്ഞദിവസം അർധരാത്രിയോടെ എടപ്പാൾ ആശുപത്രിയിലും പിന്നീട് കോട്ടയ്ക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി 12.21ന് ആണ് മരണം. സംസ്കാരം ഇന്ന് നടക്കും. കേരളത്തിന്റെ ചിത്ര, ശിൽപ കലാ ചരിത്രങ്ങളുടെ ഒരു സുവർണാധ്യായമാണ് നമ്പൂതിരി. മലയാള സാഹിത്യത്തിലെ ഉജ്വലരായ കഥാപാത്രങ്ങളിൽ പലരും മലയാളിയുടെ മുന്നിലെത്തിയത് നമ്പൂതിരി വരഞ്ഞ ദീർഘകായരായാണ്. വരയുടെ പരമശിവൻ എന്നു വികെഎൻ വിശേഷിപ്പിച്ച കരുവാട്ടുമനയ്ക്കൽ വാസുദേവൻ നമ്പൂതിരിയുടെ വിരൽത്തുമ്പിൽ ചായക്കൂട്ടുകൾ മാത്രമല്ല, തടിയും ലോഹവും കല്ലും സിമന്റും മണ്ണും മരവുമെല്ലാം ഒരു സുന്ദരമായി വഴങ്ങി. 2004ൽ കേരള ലളിതകലാ അക്കാദമി രാജാ രവിവർമ പുരസ്കാരം നൽകി ആദരിച്ചു. 2022ലും ലളിതകലാ അക്കാദമി ആദരിച്ചു. കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര (ഉത്തരായനം)വും സംസ്ഥാന ബാലസാഹിത്യ അവാർഡും ലഭിച്ചിട്ടുണ്ട്. കഥകളി കലാകാരൻമാരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിത്രശേഖരവും ശ്രദ്ധയമാണ്. ആത്മകഥാംശമുള്ള “രേഖകൾ’ പുസ്തകം പുറത്തിറങ്ങി. കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനാണ്.