4 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ആകെ 193 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ.ക്യു.എ.എസ്.

1 min read
SHARE

 

സംസ്ഥാനത്തെ 4 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 3 ആശുപത്രികൾക്ക് പുതുതായി അംഗീകാരവും ഒരു ആശുപത്രിയ്ക്ക് പുനരംഗീകാരവുമാണ് ലഭിച്ചത്. പാലക്കാട് ആനക്കട്ടി കുടുംബാരോഗ്യ കേന്ദ്രം 90.60% സ്‌കോറും, പാലക്കാട് ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രം 90.15% സ്‌കോറും, വയനാട് വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രം 89.70% സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്. കാസർഗോഡ് നർക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രം 95.18% സ്‌കോർ നേടിയാണ് വീണ്ടും അംഗീകാരം നേടിയെടുത്തത്.

ഇതോടെ സംസ്ഥാനത്തെ ആശുപത്രികളിൽ 193 എൻ.ക്യു.എ.എസ്. അംഗീകാരവും 83 പുനരംഗീകാരവും നേടിയെടുത്തു. 5 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 41 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 132 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻ.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളത്.

8 വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നത്. എൻ.ക്യു.എ.എസ്. അംഗീകാരത്തിന് 3 വർഷ കാലാവധിയാണുളളത്. 3 വർഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുനർപരിശോധനയുമുണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എൻ.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് 2 ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് ലഭിക്കും.

സർക്കാർ ആശുപത്രികളിൽ മികച്ച സൗകര്യങ്ങളും സേവനങ്ങളുമൊരുക്കി കൂടുതൽ സർക്കാർ ആശുപത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക് ഉയർത്താനായി വലിയ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. ജില്ലാ താലൂക്ക് ആശുപത്രികളിൽ ഗുണനിലവാരം ഉറപ്പാക്കാനായി ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ എംഎൽഎമാരുൾപ്പെടെയുള്ള ജനപ്രതിനിധികളെ ഉൾപ്പെടുത്തി യോഗങ്ങൾ ചേർന്ന് നടപടി സ്വീകരിച്ചു വരുന്നു. എംഎൽഎമാരുടെയും മറ്റ് ജനപ്രതിനിധികളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ സർക്കാർ ആശുപത്രികളെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം.