നിമിഷ പ്രിയയുടെ മോചനം: യമനിലെ സൂഫി പണ്ഡിതന്‍ ഹബീബ് ഉമറുമായി കാന്തപുരം വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിച്ചു, ചര്‍ച്ചകള്‍ ഇന്നും തുടരും
1 min read

നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ഇന്നും പുനരാരംഭിക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണിയോടെ ചര്‍ച്ചകള്‍ ആരംഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും ചര്‍ച്ചയില്‍ പങ്കെടുക്കും. വധശിക്ഷ ഉത്തരവ് മരവിപ്പിക്കാനുളള അടിയന്തര ഇടപെടലാണ് ലക്ഷ്യം.
യമനിലെ സൂഫി പണ്ഡിതൻ ഹബീബ് ഉമറുമായി കാന്തപുരം എപി അബൂബക്കർ മുസ്ല്യാര്‍ വീഡിയോ കോൺഫറൻസിൽ സംസാരിച്ചു. ദിയാ ദനത്തിന് പകരമായി കുടുംബം മാപ്പ് നൽകി വധ ശിക്ഷയിൽ നിന്ന് ഒഴിവാക്കുകയും മോചനം നൽകുകയും വേണമെന്ന കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ ആവശ്യം കുടുംബം പരിഗണിക്കുന്നതായാണ് ലഭിക്കുന്ന വിവരം.
നിമിഷ പ്രിയയുടെ മോചന വിഷയം കേന്ദ്രസർക്കാർ കൈയൊഴിഞ്ഞിരുന്നു. വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്നും പരിമിതിയുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. ദയാധനം സ്വീകരിക്കുന്നതില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നും കേന്ദ്രം പറഞ്ഞു.
നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു. മോചനത്തിനായി അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലും മാർച്ചിലും ഈ വിഷയത്തിൽ വിദേശകാര്യ വകുപ്പ് മന്ത്രി ജയശങ്കറിനും മുഖ്യമന്ത്രി കത്തയച്ചിരുന്നു. നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടുന്ന സന്നദ്ധപ്രവർത്തകർക്ക് സംസ്ഥാന സർക്കാരിന്റെ എല്ലാ പിന്തുണയും ഉറപ്പ്നൽകുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
