എന്‍ എം വിജയനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്, മരണത്തില്‍ കോണ്‍ഗ്രസിനോ ഐ സി ബാലകൃഷ്ണനോ ബന്ധമില്ല: ടി മുഹമ്മദ്.

സഹകരണ ബാങ്കുകളിലെ നിയമനക്കോഴയുമായി ബന്ധപ്പെട്ട് വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ ജീവനൊടുക്കിയ സംഭവത്തിൽ കുടുംബത്തിനെതിരെ വിവാദ വെളിപ്പെടുത്തലുമായി യുഡിഎഫ് നേതൃത്വം. എൻ എം വിജയനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി മുഹമ്മദ് പറഞ്ഞു.അന്വേഷണം നടത്തിയാൽ ഗാന്ധി സ്ക്വയറിൽ സത്യാഗ്രഹം ഇരിക്കുന്നവരായിരിക്കും ആദ്യം ഉൾപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു. വിജയൻ്റെ മരണത്തിൽ കോൺഗ്രസിനോ ഐ സി ബാലകൃഷ്ണനോ ബന്ധമില്ല. ആത്മഹത്യയിലേക്ക് നയിക്കാനുള്ള കാരണം നിലവിൽ പുറത്തുവന്ന കാര്യങ്ങളല്ലയെന്നും ടി മുഹമ്മദ് പറഞ്ഞു. എൻ എം വിജയൻ്റെ മരണത്തിൽ പൊലീസ് കോടതിയിൽ നൽകിയ ആത്മഹത്യാ കുറിപ്പ് പുറത്തുവിടാൻ തയ്യാറാകണം. കോടതി പ്രതിയെന്ന് തീരുമാനിക്കും വരെ ഐ സി ബാലകൃഷ്ണൻ കുറ്റക്കാരനല്ലെന്നും മുഹമ്മദ് വ്യക്തമാക്കി.
ഐ സി ബാലകൃഷ്ണനെ സ്ഥാനാർത്ഥിയാക്കിയതിൽ വിമർശനവുമായി എൻ എം വിജയൻ്റെ കുടുംബം രംഗത്തെത്തിയിരുന്നു. ഐ സി ബാലകൃഷ്ണന്റെ പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി എംപി എത്തുമ്പോള്‍ ബത്തേരിയില്‍ ഉപവാസ സമരം നടത്തുമെന്ന് എന്‍ എം വിജയന്റെ കുടുംബം പറഞ്ഞിരുന്നു. ബുധനാഴ്ചയാണ് പ്രിയങ്ക ബത്തേരിയില്‍ എത്തുക. കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് പ്രിയങ്ക ഉറപ്പു നല്‍കിയിരുന്നെങ്കിലും കേസില്‍ പ്രതിയായ ഐ സി ബാലകൃഷ്ണന് സീറ്റ് നല്‍കി കോണ്‍ഗ്രസ് ചതിച്ചുവെന്ന് എന്‍ എം വിജയന്റെ കുടുംബം പറഞ്ഞിരുന്നു.
കോണ്‍ഗ്രസും പ്രിയങ്ക ഗാന്ധിയും കുടുംബത്തെ വഞ്ചിക്കുകയാണെന്നും എംപിയുടെ ഈ നീതികേട് പൊറുക്കാന്‍ കഴിയില്ലെന്നും എന്‍ എം വിജയന്റെ മകന്‍ വിജേഷും മരുമകള്‍ പത്മജയും പറഞ്ഞു. പിതാവിന്റെയും സഹോദരന്റെയും മരണത്തിന് കാരണക്കാരനായ ഐ സി ബാലകൃഷ്ണനെ പരാജയപ്പെടുത്താന്‍ പിതാവിനെ സ്‌നേഹിക്കുന്ന കോണ്‍ഗ്രസുകാര്‍ തയ്യാറാകണമെന്നും വിജേഷ് ആവശ്യപ്പെട്ടിരുന്നു.

