സർക്കാർ സംവിധാനങ്ങൾക്കൊന്നും നിപ സ്ഥിരീകരിക്കാനായിട്ടില്ല; നടത്തുന്നത് വ്യാജ പ്രചാരണങ്ങൾ: രാഹുൽ മാങ്കൂട്ടത്തിൽ
1 min read

തന്റെ ജീവൻ രക്ഷിച്ചത് സ്വകാര്യ ആശുപത്രി എന്ന സജി ചെറിയാന്റെ പ്രസ്താവനയിൽ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. മന്ത്രി പറഞ്ഞത് ആരോഗ്യ മേഖലയുടെ പ്രോഗ്രസ് റിപ്പോർട്ടാണെന്ന് രാഹുൽ പറഞ്ഞു. മറ്റൊരു മന്ത്രി സ്വകാര്യ ആശുപത്രിക്കെതിരെ പറഞ്ഞു. സാധാരണക്കാർ എങ്ങോട്ട് പോകണമെന്നും രാഹുൽ ചോദിച്ചു.’2018 മുതൽ 2025 വരെ സർക്കാർ ആശുപത്രിയിൽ നിപ സ്ഥിരീകരിച്ചിട്ടുണ്ടോ?. എല്ലാം സ്വകാര്യ ആശുപത്രിയിലാണ്. സർക്കാർ സംവിധാനങ്ങൾക്കൊന്നും നിപ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഒരു രോഗി മരിച്ച ശേഷം ഫൊറൻസിക് സർജൻ നിപ രോഗബാധ കണ്ടെത്തിയെന്ന് മന്ത്രി പറഞ്ഞു. എന്നാൽ അതേ രോഗിയെ മെഡിക്കൽ കോളേജിൽ പരിശോധിച്ചപ്പോൾ നിപ കണ്ടെത്താൻ കഴിഞ്ഞില്ല. നിപയെ കുറിച്ച് സർക്കാർ നടത്തുന്നത് വ്യാജ പ്രചാരണങ്ങളാണ്. മരണനിരക്ക് കുറവാണ് എന്ന് പ്രചരിപ്പിച്ചാൽ നിപ പ്രതിരോധത്തിൽ അനാസ്ഥ കാണിക്കും. ബാംഗ്ലാദേശിനെ പോലുള്ള രാജ്യങ്ങളിൽ പോലും നിപ പകരുന്നത് എങ്ങനെയെന്ന് കണ്ടെത്തി. കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളേജിൽ സ്ഥിരമായി ഐസൊലേഷൻ വാർഡ് നിർമ്മിക്കുമെന്ന് 2018-ൽ അന്നത്തെ ആരോഗ്യ മന്ത്രി പറഞ്ഞു. ഏഴ് വർഷമായിട്ടും ഐസൊലേഷൻ വാർഡ് നിർമ്മിച്ചില്ല. 32 കേസുകളിൽ 24 പേർ മരിച്ചു.
74% ആണ് മരണനിരക്ക്. രോഗത്തിന്റെ ഗൗരവം ജനങ്ങൾ മനസ്സിലാക്കാൻ വേണ്ടിയാണ് ഞാൻ അങ്ങനെ പറഞ്ഞത്.
ജാഗ്രതയുണ്ടാക്കുന്ന നിർദേശങ്ങൾ ആണ് സർക്കാർ പറയേണ്ടത്’, രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.
