‘ഇപ്പോൾ ഒരു നിഗമനത്തിലെത്തേണ്ടതില്ല, അന്തിമ ഫലത്തിനായി കാത്തിരിക്കാം’: ശശി തരൂർ

1 min read
SHARE

ഹരിയാന, ജമ്മു കശ്മീർ തെരഞ്ഞെടുപ്പ് ട്രെൻഡുകളെക്കുറിച്ച് പ്രതികരിച്ച് കോൺഗ്രസ് എംപി ശശി തരൂർ. അന്തിമ ഫലം നമുക്ക് കാത്തിരുന്ന് കാണാം. ഇപ്പോൾ ഒരു നിഗമനത്തിലെത്തേണ്ടതില്ല. നിലവിൽ ബിജെപി ഭൂരിഭാഗം സീറ്റുകളിലും ലീഡ് ചെയ്യുന്നുവെന്നാണ് മനസിലാക്കുന്നത്. ഇത് ആശ്ചര്യകരമാണ്. തീർച്ചയായും, മുഴുവൻ എക്സിറ്റ് പോൾ ഏജൻസികളും കടുത്ത നാണക്കേടിലായിരിക്കണം.അന്തിമ ഫലത്തിനായി നമുക്ക് കാത്തിരിക്കാമെന്നും തരൂർ പ്രതികരിച്ചു. അതേസമയം ഹരിയാനയിൽ കോൺഗ്രസ് തന്നെ സർക്കാർ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് ഭൂപീന്ദർ ഹൂഡ പ്രതികരിച്ചു. ആദ്യഘട്ടത്തിലെ മുന്നേറ്റത്തിന് ശേഷം പിന്നിലായതിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. നിലവിൽ ബിജെപിയാണ് ഇവിടെ ലീഡ് ചെയ്യുന്നത്. കോൺഗ്രസ് സർക്കാർ രൂപീകരിക്കും. ഞങ്ങളുടെ പാർട്ടി അറുപതിലധികം സീറ്റുകൾ നേടുമെന്ന് കോൺഗ്രസ് എംപി കുമാരി സെൽജ പറഞ്ഞു. രാവിലെ എട്ട് മുതൽ ആരംഭിച്ച വോട്ടെണ്ണലിന്റെ ആദ്യ ഫല സൂചനകൾ വന്നപ്പോൾ ഹരിയാനയിൽ കോൺഗ്രസ് മുന്നേറ്റം പ്രകടമായിരുന്നു. എന്നാൽ ഇപ്പോൾ ഇവിടെ ബിജെപി ലീഡ് ഉയർത്തുകയാണ്. ഇവിടെ ഭരണക്ഷിയായ ബിജെപി ബഹുദൂരം പിന്നിലായിരുന്നെങ്കിലും ഇപ്പോൾ അവർ തിരിച്ചുവരികയാണ്. നിലവിൽ ബിജെപി ഇവിടെ മുന്നിട്ട് നിൽക്കുകയാണ്. ബിജെപിയുടെ അപ്രതീക്ഷിത തിരിച്ചുവരവിൽ അമ്പരന്നിരിക്കുകയാണ് കോൺഗ്രസ് കേന്ദ്രങ്ങൾ. ആദ്യഘത്തിൽ എളുപ്പത്തിൽ ഭരണം നേടുമെന്ന് കരുതിയിരുന്ന ഹരിയാനയിലാണ് വോട്ടെണ്ണൽ പുരോഗമിക്കവേ ബിജെപി കുതിച്ചുകയറിയത്. നേരത്തെ കോൺഗ്രസ് പ്രവർത്തകർ ആഘോഷങ്ങൾ തുടങ്ങിയിരുന്നു.